Skip to main content

പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണം - മന്ത്രി പി.രാജീവ്

 

ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 സഹകരണ പ്രസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളുടെ തെളിവാണ് ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതെന്നും പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തിനനുസരിച്ച് സഹകരണ മേഖല സമഗ്രമായ മാറ്റത്തിന് ഒരുങ്ങുകയാണ്. ഡയറക്ടർ ബോർഡിലേക്കുള്ള ഇലക്ഷനിൽ ഒരു വ്യക്തിയെ രണ്ടിൽ കൂടുതൽ തവണ മത്സരിക്കാൻ അനുവദിക്കാത്ത വിധം ഭേദഗതി കൊണ്ടുവരും. പുതിയ ആളുകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കും. കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

 ജനങ്ങളുടെ തൊഴിൽ, ജീവിത പ്രശ്നങ്ങൾ എന്നിവയിൽ  ഇടപെടലുകൾ നടത്തേണ്ടത് ആവശ്യമാണ്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച് പ്രവർത്തിക്കുന്ന ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

 നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെഡ് ഓഫീസിൽ  സ്ഥാപിച്ച  ലിഫ്റ്റിന്റെ ഉദ്ഘാടനം  അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ജെ അനിൽ അധ്യക്ഷത വഹിച്ചു, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. വി സുധീഷ്, ലതാ ഗംഗാധരൻ, ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ ചാക്കോച്ചൻ, ബോർഡ് അംഗങ്ങൾ, സഹകാരികൾ, തുടങ്ങിയവർ പങ്കെടുത്തു.

date