Skip to main content

ജില്ലയുടെ തീരദേശ പരിപാലന പ്ലാന്‍:  പബ്ലിക് ഹിയറിങ് തിങ്കളാഴ്ച്ച  കടവന്ത്ര റീജണല്‍  സ്‌പോര്‍ട്‌സ്  സെന്ററില്‍ 

 

2019 -ലെ  തീരദേശ പരിപാലന പ്ലാനിന്റെ  കരടിന്മേലുള്ള നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനുള്ള പബ്ലിക് ഹിയറിംഗ് തിങ്കളാഴ്ച്ച(ജൂൺ 12) രാവിലെ 10.30 മുതല്‍ കടവന്ത്ര റീജണല്‍  സ്‌പോര്‍ട്‌സ്  സെന്ററില്‍ നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന പബ്ലിക് ഹിയറിങാണ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി പരിപാടിയില്‍ പങ്കെടുക്കുന്നതിന് കടവന്ത്രയിലേക്ക് മാറ്റിയതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. 

2019 ലെ തീരദേശ പരിപാലന നിയമപ്രകാരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനില്‍, ജില്ലയിലെ കൊച്ചി കോര്‍പറേഷന്‍, 6 നഗരസഭകള്‍, 25 പഞ്ചായത്തുകളുമാണ് ഉള്‍പ്പെടുന്നത്. coastal.keltron.org, keralaczma.gov.in എന്നീ വെബ് സൈറ്റുകളിലും, ജില്ലാ കളക്ടറേറ്റ്, നഗരാസൂത്രണ ഓഫീസ്, തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാനിന്റെ കരട് ലഭ്യമാണ്.

തീരദേശ പരിപാലന അതോറിറ്റിയുടെ വിദഗ്ധര്‍ പങ്കെടുക്കുന്ന ഹിയറിങ്ങില്‍, പ്ലാനിന്മേല്‍ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും നേരിട്ടും രേഖാമൂലവും സമര്‍പ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടാതെ, പൊതു ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മെമ്പര്‍ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലോ, kzmasandtd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, coastal.keltron.org എന്ന websiteലൂടെയോ നല്‍കാം.

date