Skip to main content

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: പ്രവര്‍ത്തന പുരോഗതി കളക്ടര്‍ വിലയിരുത്തി

 

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലശ്ശേരി കനാലിലെ  പ്രവര്‍ത്തനങ്ങൾ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. കനാലിന്റെ ഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി എം.ജി. റോഡിന്റെ പൊളിച്ചു നീക്കിയ ഭാഗമാണ് കളക്ടർ സന്ദർശിച്ചത്. 

വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മുല്ലശ്ശേരി കനാലിലൂടെ  കടന്നു പോയിരുന്നതിനാൽ  ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങളുടെ തുടർച്ചക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൈപ്പ് മാറ്റി സ്ഥാപിക്കുവാൻ  തീരുമാനിച്ചത്.
നിലവിൽ പൈപ്പ് മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . അതിന്റെ ഭാഗമായി കനാലിന്റെ ഭാഗത്തുള്ള എം.ജി. റോഡു തുരന്നു പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശിച്ചിരുന്നു.

 വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനും അതിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഓരോ ഭാഗത്തെയും നിലവിലെ അവസ്ഥയും സ്വീകരിക്കുന്ന നടപടികളും കളക്ടര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. 10 ദിവസത്തിനകം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് കോടതി നിർദ്ദേശം.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയർ ബാജി ചന്ദ്രൻ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിന്റെ ഭാഗമായി.

date