Skip to main content
പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി മാടത്തിങ്കൽ വീട്ടിൽ ഗിരിജയ്ക്ക് പട്ടയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി  ഡോ ആർ ബിന്ദു  വീട്ടിലെത്തി നേരിട്ട് കൈമാറി

അതിജീവനത്തിന് കരുത്തായി പട്ടയം

കാൻസർ ബാധിതയായി ജീവിതത്തിനു മുമ്പിൽ രണ്ടു മക്കളെയും കൊണ്ട് പകച്ചുനിൽക്കുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി മാടത്തിങ്കൽ വീട്ടിൽ ഗിരിജയ്ക്ക് ഇനി ആശ്വസിക്കാം. ഗിരിജയുടെയും കുടുംബത്തിന്റെയും ഏറെ നാളത്തെ ആവശ്യമായിരുന്ന പട്ടയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വീട്ടിലെത്തി നേരിട്ട് കൈമാറി.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളുടെയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകന്റെയും ഏക ആശ്രയം അമ്മ ഗിരിജയാണ്. കാൻസർ ബാധിതനായി ഗിരിജയുടെ ഭർത്താവ് ഉദയകുമാർ മരണമടഞ്ഞത് കുറച്ചുനാളുകൾക്കു മുമ്പാണ്.

കയറിക്കിടക്കാൻ ഒരിടം ഉണ്ടെങ്കിലും അത് സ്വന്തം അല്ലല്ലോ എന്ന ആധിയിലായിരുന്നു സ്തനാർബുദ രോഗബാധിതയായ ഗിരിജ. തന്റെ കാലശേഷം മക്കൾക്ക് സ്വന്തമെന്ന് പറയാൻ പട്ടയമുള്ള ഭൂമി ദീർഘനാളുകളായുള്ള ഗിരിജയുടെ ആഗ്രഹമായിരുന്നു.

ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിൽ ആരോഗ്യസ്ഥിതി പോലും ഗൗനിക്കാതെ അടുത്തുള്ള ആയുർവേദ മെഡിക്കൽഷോപ്പിൽ ജോലിക്ക് പോവുകയാണ് ഇപ്പോഴിവർ. അവിടെ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും സുമനസ്സുകളുടെ സഹായവുമാണ് ഇതുവരെയുള്ള ഇവരുടെ ജീവിതത്തിന് താങ്ങായത്.

മന്ത്രി നേരിട്ട് എത്തി പട്ടയം നൽകിയ അവസരത്തിൽ ഗിരിജ തന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞുതീർത്തു. അതിജീവനത്തിന്റെ പുതിയ പാതയിലേക്ക് കടക്കാനുള്ള ആത്മവിശ്വാസത്തിലാണ് ഇന്നീ കുടുംബം.

സ്വന്തം സഹോദരിയോട് എന്നപോലെ വിഷമങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും മന്ത്രി ആർ ബിന്ദു ഒപ്പമുണ്ടായി. തനിച്ചല്ല ഒപ്പമുണ്ട് ഞങ്ങൾ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും മന്ത്രി മറന്നില്ല.

സാങ്കേതിക കാരണങ്ങളാൽ പട്ടയമേളയ്ക്ക് ഇവർക്ക് പട്ടയം ലഭിച്ചിരുന്നില്ല. അതിനിടയിലായിരുന്നു ഭർത്താവിൻറെ മരണം. വിധവയായ ദുരവസ്ഥ, ദീർഘനാളുകളായുള്ള പട്ടയം എന്ന ആവശ്യം എന്നിങ്ങനെ വിഷമങ്ങൾ പേറിയ ഗിരിജയുടെ ജീവിതത്തിനു ഓരോ പടിയും ചവിട്ടികയറാനുള്ള ഊർജമായി മാറുകയായിരുന്നു സർക്കാർ നൽകിയ പട്ടയം.

date