Skip to main content
ദുർബല ഗോത്ര വിഭാഗങ്ങൾക്ക് കിലയിൽ നൽകിയ യാത്രയയപ്പ് ചടങ്ങ് പട്ടികജാതി പട്ടികവർഗ   വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

രാഷ്ട്രപതിയോട് സംവദിക്കാനൊരുങ്ങി ദുർബല ഗോത്ര വിഭാഗങ്ങൾ

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും സംസാരിക്കാനുമൊരുങ്ങി സംസ്ഥാനത്തെ ദുർബല ഗോത്ര വിഭാഗങ്ങൾ . കോൺഫറൻസ് കം എക്സ്പോഷർ വിസിറ്റ് പരിപാടിയുടെ ഭാഗമായാണ് ഗോത്ര വിഭാഗങ്ങൾക്ക് രാഷ്ട്രപതിയോട് സംവദിക്കാനുള്ള അവസരമൊരുക്കുന്നത്.

സംസ്ഥാനത്ത് നിന്നും പരിപാടിയിലേക്ക് യാത്രയാകുന്ന പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങൾക്ക് കിലയിൽ നൽകിയ യാത്രയയപ്പ് ചടങ്ങ് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചുറ്റുമുള്ളതിനെ കുറിച്ചെല്ലാം കൂടുതൽ അറിയാനും മനസ്സിലാക്കാനും യാത്രകൾ ഏറെ സഹായകരമാണെന്നും ഇത്തരത്തിലുള്ള സമ്പർക്ക പരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽപെട്ട കാട്ടുനായ്ക്കർ, ചോല നായ്ക്കർ, കൊറഗർ, കാടർ, കുരുംബർ, എന്നി ഗോത്ര വിഭാഗങ്ങളിൽ നിന്നും 20 വീതം ഗോത്ര നിവാസികളാണ് ഡൽഹിയിലെ രാഷ്ട്രപതി ഭവനിലേക്ക് വിമാനത്തിൽ യാത്ര പോകുന്നത്. നിലവിൽ 91 പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത്.

കേന്ദ്ര പട്ടികവർഗ്ഗ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിമാന യാത്ര,ട്രെയിൻ യാത്ര, താമസം , ഭക്ഷണം എന്നീ സൗകര്യങ്ങൾക്കും പാർലമെന്റ്, രാഷ്ട്രപതി ഭവൻ സന്ദർശനത്തിനും സംസ്ഥാന പട്ടികജാതി പട്ടിക വർഗ വകുപ്പ് വഴിയൊരുക്കും.

ടി.ഡി.ഒ.മാരായ ഹെറാൾഡ് ജോൺ, എം. മല്ലിക, സി. ഇ. ഇസ്മായിൽ, ജി.പ്രമോദ്, പബ്ലിസിറ്റി അസിസ്റ്റന്റ് ഡയറക്ടർ എസ്‌.സജു തുടങ്ങിയവർ പട്ടിക വർഗ്ഗ വകുപ്പിൽ നിന്നും സംഘത്തെ അനുഗമിക്കും.

date