Skip to main content
ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീര സദസ്സ്

തീരദേശ വികസനം ചർച്ച ചെയ്ത് ജനപ്രതിനിധികൾ

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീര സദസ്സ് ജനപ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികൾതുടങ്ങിയവർ പങ്കെടുത്തു. മത്സ്യബന്ധന മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളെ പറ്റിയും, മണ്ഡലത്തിലെ പൊതുവായ വികസന പ്രവർത്തനങ്ങളെ പറ്റിയും ചർച്ച നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും അവക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.

ചർച്ചയിൽ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ, പെൻഷൻ, അംശാദായ വിതരണം, കിസാൻ കാർഡ്, പുഴ ആഴം കൂട്ടുന്നത്, കടൽ ഭിത്തി, തീരദേശ ഹൈവേ, വീടില്ലാത്ത മത്സ്യതൊഴിലാളികൾക്ക് വീടൊരുക്കൽ, തീരദേശ റോഡ് ഗതാഗത യോഗ്യമക്കൽ, ലഹരി ഉപയോഗം തടയൽ, ഉൾ നാടൻ മത്സ്യബന്ധനം, മത്സ്യ വിപണന മാർക്കറ്റ് നിർമാണം, കുടിവെള്ള ക്ഷാമം, വല ലഭ്യത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ വ്യാസ നഗർ മത്സ്യത്തൊഴിലാളി കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ 10 ഒറ്റ വീടുകളായി പുനർ നിർമ്മിക്കുന്നതിന് തീരുമാനമായി. എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി 1.41 കോടി അനുമതി ലഭിച്ച ഐ വി കെട്ട് മെക്കാനിക്കൽ ഷട്ടറിന്റെ പ്രവർത്തനങ്ങൾക്കായി 10 ദിവസത്തിനുള്ളിൽ നടപടിയെടുക്കാൻനിർദ്ദേശിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ രണ്ട് കോളനികളിലായുള്ള 90 വീടുകൾ പുനർനിർമ്മാണം നടത്തുന്നതിനുള്ള സി ആര്‍ സെഡ് പ്രശ്നം പരിഹരിക്കുന്നതിന് ജൂൺ 13 ന് കളക്ടറേറ്റിൽ നടക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കാനും ചർച്ചയിൽ തീരുമാനിച്ചു. തീരസന്റെ ഭാഗമായി ലഭിച്ച 48 അപേക്ഷകളിൽ 45 എണ്ണം തീർപ്പാക്കുകയും. മറ്റുള്ളവ തുടർനടപടികൾക്കായി വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.

ചർച്ചയിൽ മത്സ്യബന്ധനം സാംസ്കാരികം യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ, മുരളി പെരുനെല്ലി എംഎൽഎ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date