Skip to main content
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സസ്നേഹം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

അങ്കണവാടികൾ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണം: ആർ ബിന്ദു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സസ്നേഹം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

സാമൂഹ്യബോധവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അങ്കണവാടികൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ഏവരുടെയും ധർമ്മമാണ്. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് സസ്നേഹം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ നൽകുന്ന പോഷകാഹാരങ്ങളോടൊപ്പം ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെ കൂടുതൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികൾക്ക് നൽകുന്ന പദ്ധതിയാണ് സസ്നേഹം. ഓരോ പ്രദേശത്തെയും വികസന പ്രവർത്തനങ്ങളുടെ പതാകവാഹകരാണ് അങ്കണവാടി ജീവനക്കാരെന്നും ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു.

ആത്മവിശ്വാസമുള്ള നേതാക്കൾ കൂടിയാണ് അങ്കണവാടി പ്രവർത്തകർ. എന്നാൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് അനുസൃതമായ അംഗീകാരങ്ങളോ പ്രതിഫലമോ ലഭിക്കാറില്ല എന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്ന സ്ഥാപനമായി ഇന്ന് അങ്കണവാടികൾ മാറിക്കഴിഞ്ഞെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.

പ്രീ പ്രൈമറി കുട്ടികൾക്കായി ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയിട്ടുള്ള കഥകളും കവിതകളും അടങ്ങുന്ന കുരുന്നില കിറ്റ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ അങ്കണവാടികളിലും എത്തിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. മാതൃശിശു സംരക്ഷണത്തെ ഏറ്റവും പ്രായോഗികമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ 111 അങ്കണവാടികളിൽ സസ്നേഹം പദ്ധതി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതിന്റെ പ്രഖ്യാപനവും അങ്കണവാടികളിലേക്കുള്ള പോഷക കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

സസ്നേഹം പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ സൂക്ഷിക്കേണ്ട ഡയറിയുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ പോസ്റ്റർ പ്രകാശനം ചെയ്തു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് സസ്നേഹം. കുട്ടികൾക്ക് ഗുണമേന്മയുള്ള ആഹാരം ഉറപ്പുവരുത്തുന്നതോടൊപ്പം

അങ്കണവാടികളുടെ ജനകീയവൽക്കരണം, പുതിയ തലമുറയെ ഷെയറിങ് മെന്റാലിറ്റി പരിശീലിപ്പിക്കൽ,സാമൂഹ്യ സേവനത്തിന്റെ ബാലപാഠം പകർന്നു നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് സസ്നേഹം.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് സസ്നേഹം പദ്ധതി അവലോകനം ചെയ്ത് സംസാരിച്ചു. സിഡിപിഒ എൻ കെ സിനി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയും എന്ന വിഷയത്തിൽ നിപ്മർ ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് രശ്മി രാജീവ് ക്ലാസ് എടുത്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് , വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date