Skip to main content
നവകേരളത്തിന്റെ കുതിപ്പിന് മുരിയാട് ഗ്രാമപഞ്ചായത്തും ഒരുങ്ങി എന്നതിന്റെ ഉദാഹരണമാണ് ജീവധാര എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു

ജീവധാര പദ്ധതിയ്ക്ക് തുടക്കമായി

നവകേരളത്തിന്റെ കുതിപ്പിന് മുരിയാട് ഗ്രാമപഞ്ചായത്തും ഒരുങ്ങി എന്നതിന്റെ ഉദാഹരണമാണ് ജീവധാര എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പുല്ലൂര് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂതന ആരോഗ്യ പദ്ധതിയായ ജീവധാരയുടെ ഉദ്ഘാടനവും ലോഗോ, മൊബൈൽ ആപ്പിന്റെ പ്രകാശന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി ഉപയോഗിക്കുന്ന യുവജനങ്ങളെ ലഹരിയിൽ നിന്ന് വിമുക്തമാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ലഹരി പ്രതിരോധത്തിനായി സർക്കാർ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. മാലിന്യ മുക്‌ത സമൂഹത്തിനായി സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ് പ്രയത്നിച്ചാലെ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ. മാലിന്യം വലിച്ചെറിയൽ സംസ്കാരം മാറ്റണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വയോജന ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കി താങ്ങും തണലുമായി മാറണമെന്നും മന്ത്രി കൂട്ടി ചേർത്തു.

മുരിയാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ആരോഗ്യപരിരക്ഷ മുൻനിർത്തി രൂപം കൊടുത്തിട്ടുള്ള സമഗ്ര ആരോഗ്യ നൂതന പദ്ധതിയാണ് ജീവധാര. അലോപതി ആയുർവേദം ഹോമിയോ എന്നീ ചികിത്സാ വിഭാഗങ്ങളോടൊപ്പം കൃഷിവകുപ്പ് വനിതാ ശിശു സാമൂഹ്യനീതി വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ആണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പോഷക സമൃദ്ധ സ്വയംപര്യാപ്ത ഗ്രാമം, സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്‌,ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്,ശിശു സൗഹൃദ പഞ്ചായത്ത്,വയോജന സൗഹൃദ പഞ്ചായത്ത്,രോഗാതുരത ഏറ്റവും കുറഞ്ഞ പഞ്ചായത്ത്, ലഹരി മുക്ത പഞ്ചായത്ത് തുടങ്ങി പഞ്ചായത്തിലെ മുഴുവൻ മനുഷ്യരുടെയും ക്ഷേമ പ്രവർത്തനങ്ങൾ നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പദ്ധതിയുടെ ഭാഗമായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ആക്ഷൻ ടീമും രൂപം കൊടുത്തിട്ടുണ്ട് കിലയുടെ സഹകരണത്തോടെ ട്രെയിനിങ്ങുകൾ നടത്തി വരുന്നുണ്ടെന്നും ആദ്യഘട്ടത്തിൽ അനീമിയ കണ്ടെത്തുന്നതിനായി സർവ്വേയും ക്യാമ്പും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജി ചിറ്റിലപ്പള്ളി പറഞ്ഞു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date