Skip to main content

ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം-മന്ത്രി അഹമ്മദ് ദേവർകോവിൽ

 

സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി 
അഹമ്മദ് ദേവർകോവിൽ. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സിന്റെയും വാർഡ് തല അദാലത്തിന്റെയും ഉദ്ഘാടനം  കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ യു. പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വനസൗഹൃദ സദസ്സുകളുടെയും തീര സദസ്സുകളുടെയുമെല്ലാം തുടർച്ചയായാണ് നിയോജക മണ്ഡലം എം എൽ എ എന്ന നിലയിൽ ഇത്തരത്തിലുള്ള ഒരു ജനകീയ സദസ്സിന് അവസരം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പരാതികൾക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ ലക്‌ഷ്യം.  പരിഹാരം കാണാവുന്നതിന്റെ പരമാവധി തീർപ്പാക്കാൻ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ബാക്കിയുള്ളതിന്റെ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ കൊമ്മേരി , കുറ്റിയിൽത്താഴം, മെഡിക്കൽക്കോളേജ്, കോവൂർ, നെല്ലിക്കോട്ട് , കോട്ടൂളി, പറയഞ്ചേരി, പൊറ്റമ്മൽ എന്നീ വാർഡുകൾക്കായാണ് കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ യു. പി. സ്കൂളിൽ അദാലത്ത് സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ നേരത്തെ ലഭിച്ച 58 പരാതികൾക്ക് പുറമെ  51 പുതിയ പരാതികളും ലഭിച്ചു. പരാതികളിൽ രണ്ടാഴ്ചകം പരിഹാരം കാണാൻ വിവിധ വകുപ്പുകളോട് മന്ത്രി ആവശ്യപ്പെട്ടു.

ജൂൺ 17 ന് ഗവൺമെന്റ് എച്ച്എസ്എസ് ആഴ്ചവട്ടത്തും  ജൂൺ 18ന് ജിവിഎച്ച്എസ്എസ് പയ്യാനക്കലും മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ അദാലത്തുകൾ നടക്കും. ഈ അദാലത്തുകളിലേക്ക് ജൂൺ 12 വരെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം. അദാലത്തുകളിൽ നേരിട്ടും പരാതികൾ സ്വീകരിക്കും.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. കൗൺസിലർമാരായ സുജാത കൂടത്തിങ്കൽ, കവിത അരുൺ, എം. പി സുരേഷ്, ഇ. എം സോമൻ, സുരേഷ് കുമാർ, കെ. ടി സുഷാജ്, സബ് കലക്ടർ വി ചെൽസാസിനി, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date