Skip to main content

ജില്ലയെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

 

തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ  ജില്ലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ നവകേരളം മാലിന്യമുക്തം കാമ്പയിന്റെ ജില്ലാതല അവലോകനയോഗത്തില്‍ കര്‍മപദ്ധതി തയ്യാറാക്കി. മണ്ഡലം, താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. പൊലീസ്, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.  ഇതിന് പുറമേ ജില്ലാതലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ സേവനം ഉറപ്പാക്കും. യൂസേഴ്‌സ് ഫീ നല്‍കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിക്കും.  മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറികള്‍ വരെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കും.

സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഒക്ടോബര്‍ 23 വരെ ഹ്രസ്വകാല ഇടപെടല്‍ ജില്ലയിലും തുടരും.  ഒക്ടോബര്‍ 23 മുതല്‍ 2024 മാര്‍ച്ച് 24 വരെ നടത്തുന്ന ദീര്‍ഘകാല ഇടപെടകളിലൂടെ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനം കൈവരിക്കുക എന്നതാണ് ലക്ഷ്യം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമസ്ത മേഖലയിലും ലക്ഷ്യം കൈവരിക്കുക എന്നതാണ് ജില്ലയുടെ മുന്‍കാല  അനുഭവമെന്ന്  അവലോകനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടര്‍ വി. പ്രേം കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യത്തിലേക്കും വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ നമുക്ക് കഴിയും. മാലിന്യമുക്തമാകുന്ന ആദ്യ നിയോജകമണ്ഡലം, ആദ്യത്തെ തദ്ദേശഭരണസ്ഥാപനം എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

എ.ഡി.എം എന്‍.എം മെഹറലി അധ്യക്ഷത വഹിച്ചു.  തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ കര്‍മപദ്ധതി വിശദീകരിച്ചു. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കലാം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, ഡി.പി.സി അംഗങ്ങളായ അഡ്വ. മനാഫ്, എ.പി ഉണ്ണികൃഷ്ണന്‍, അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ പി. ബൈജു, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, കില ഫെസിലിസിറ്റേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  എ. ശ്രീധരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date