Skip to main content
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന അവലോകന യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

മാലിന്യമുക്ത നവകേരളം : അവലോകന യോഗം ചേർന്നു

 

കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും മാലിന്യമുക്ത ബോധവൽക്കരണ പരിപാടികൾ  നടത്തണമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ . ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മികച്ച രീതിയിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന പഞ്ചായത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും  നൽകുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ  നിയന്ത്രണത്തിൽ വാർഡ് തലത്തിൽ  ഏറ്റുമാനൂരിനെ മാലിന്യ മുക്തമണ്ഡലമായി  മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മ സേന സജീവമായി പ്രവർത്തിച്ചു വരുന്നുണ്ടെന്ന് അവലോകനയോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ സേവനം ലഭ്യമാകുന്നുണ്ടെങ്കിലും യൂസർ ഫീ കവറേജ് 100 ശതമാനത്തിലെത്താൻ സാധിച്ചിട്ടില്ല. തിരുവാർപ്പ് ഗ്രാമപഞ്ചായത്താണ് മുന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി  അധ്യക്ഷയുമായ കെ.വി. ബിന്ദു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ ആമുഖം അവതരിപ്പിച്ചു.  ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ  ബെവിൻ ജോൺ വർഗീസ്  റിപ്പോർട്ട് അവതരിപ്പിച്ചു. 
ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ,   ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, വി.കെ. പ്രദീപ്, അഞ്ജു മനോജ്,  ധന്യ സാബു,  സ്ഥിരം സമിതി  അധ്യക്ഷൻ ജെയിംസ് തോമസ്, ഏറ്റുമാനൂർ നഗരസഭാംഗം ഇ.എസ്. ബിജു, ദാരിദ്ര  ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടറും ഏറ്റുമാനൂർ നിയോജകമണ്ഡലം മോണിറ്ററിംഗ് സമിതി കൺവീനറുമായ പി.എസ് ഷിനോ, മാലിന്യമുക്ത  നവകേരളം ജില്ലാ ക്യാമ്പയിൻ കോർഡിനേറ്റർ ടി.പി. ശ്രീശങ്കർ,  എന്നിവർ പരിപാടിയിൽ പങ്കെടുത്തു

date