Skip to main content

സിവിൽ സ്റ്റേഷനിലെ എം സി എഫ് പ്രവർത്തനം തുടങ്ങി

കണ്ണൂർ സിവിൽ സ്റ്റേഷൻ ഓഫീസുകളിലെ ഖരമാലിന്യങ്ങൾ സംസ്‌കരണത്തിന് മുമ്പ് തരംതിരിച്ച് സൂക്ഷിക്കാനുള്ള മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ (എം സി എഫ്) പ്രവർത്തനം ആരംഭിച്ചു. ജില്ലാ ട്രഷറിക്ക് പുറകു വശത്തായാണ് 26 ലക്ഷം രൂപ ചെലവിൽ 1000 സ്‌ക്വയർ ഫീറ്റിലുള്ള എം സി എഫ് നിർമ്മിച്ചത്. കടലാസ്, ഇ-വേസ്റ്റുകൾ, ട്യൂബ് ലൈറ്റ്, സി എഫ് എൽ ഉൾപ്പെടെ ഹരിതകർമ്മ സേന സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി ഇവിടെയാണ് സംഭരിച്ചു വെക്കുക. ഓഫീസ് മുറി, ഡ്രസ്സിംഗ് മുറി, ടോയിലറ്റ് എന്നീ സംവിധാനങ്ങളോടു കൂടിയാണ് എം സി എഫ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രയാണ് നിർമ്മാണ പ്രവൃത്തി നടത്തിയത്.
എം സി എഫിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. എ ഡി എം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ എം സുനിൽകുമാർ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, ടെക്നിക്കൽ അസിസ്റ്റന്റ് സ്നേഹ കീക്കാനം തുടങ്ങിയവർ പങ്കെടുത്തു.

date