Skip to main content

ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് പരിശീലനം നൽകി

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട 'ഓണത്തിന് ഒരു കൊട്ട പൂവ്' ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
2023-24 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത്. 15 സെന്റോ അതിൽ കൂടുതലോ കൃഷി ചെയ്യാൻ കഴിയുന്നവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ 2500 ഓളം കർഷകർ ഉൾപ്പെട്ട 450 ഗ്രൂപ്പുകൾ ജില്ലയിലുണ്ട്. രണ്ട് ലക്ഷം ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്. ജില്ലയിലെ അഞ്ച് സർക്കാർ ഫാമുകളിൽ നിന്നാണ് തൈകൾ ഉൽപാദിപ്പിച്ചത്. 40 ഹെക്ടർ സ്ഥലത്താണ് ഇക്കുറി കൃഷി ചെയ്യുന്നത്.  
കണ്ണൂർ കൃഷി വകുപ്പ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം പി അനൂപ് ക്ലാസെടുത്തു. ചെണ്ടുമല്ലി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളപ്രയോഗം, കീടനിയന്ത്രണം, നല്ല വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച കർഷകരുടെ സംശയങ്ങൾ ക്ലാസിൽ ദുരീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം രാഘവൻ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ എന്നിവർ പങ്കെടുത്തു.

date