Skip to main content

അവലോകന യോഗം ചേർന്നു  കല്ല്യാശ്ശേരിയിൽ തൊഴിൽ തീരം പദ്ധതി നടപ്പിലാക്കും

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കുള്ള തൊഴിൽതീരം പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതി കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കും. കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉന്നതതല യോഗം  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യത്തൊഴിലാളി മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് പുതിയ ജീവിതമാർഗം കണ്ടെത്താൻ സാധിക്കുമെന്ന് എം എൽ എ പറഞ്ഞു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു.
മത്സ്യബന്ധന സമൂഹത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കും. സംസ്ഥാനത്തെ 46 തീരദേശമണ്ഡലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് മണ്ഡലങ്ങളിലാണ് പദ്ധതിയുടെ പൈലറ്റ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ജില്ലയിൽ കല്യാശ്ശേരി മണ്ഡലത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള, പ്ലസ്ടുവോ മുകളിലോ യോഗ്യതയുള്ള മുഴുവൻ തൊഴിലന്വേഷകരെയും ഡിഡബ്‌ള്യുഎംഎസ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കി പരമാവധി തൊഴിൽ ലഭ്യമാക്കുക, സ്വകാര്യമേഖലയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. പുതിയ തലമുറക്ക് പുത്തൻ തൊഴിൽ മേഖലകൾ കണ്ടെത്താൻ പദ്ധതി സഹായകമാകും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള തൊഴിലവസരങ്ങൾ, പ്രാദേശിക തൊഴിലുകൾ, സമുദ്രവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തൊഴിലുകൾ തുടങ്ങിയവയാണ് തൊഴിൽ മേഖലകൾ. മത്സ്യബന്ധന മേഖലയിലെ പ്ലസ് ടു, തത്തുല്യ യോഗ്യത ഉള്ളവർ, 18നും 40നും ഇടയിൽ പ്രായമുള്ള യുവാക്കൾ, ക്ഷേമനിധി ബോർഡ് അംഗങ്ങൾ, കുടുംബങ്ങൾ, ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലെ ഉദ്യോഗാർഥികൾ തുടങ്ങിയവരാണ് പദ്ധതി ഗുണഭോക്താക്കൾ.
സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 15ന് മൂന്ന് മണിക്ക് എരിപുരത്ത് ചേരും. പ്രാദേശിക തലത്തിൽ കമ്യൂണിറ്റി വളണ്ടിയർമാരെ തെരഞ്ഞെടുക്കും. പ്രാദേശിക തല ബോധവത്കരണ പരിപാടികൾ നടത്തും. തൊഴിൽ ക്ലബ് രൂപീകരണം, പ്രാദേശിക  സംഗമങ്ങൾ, ഡിഡബ്‌ള്യുഎം എസ് രജിസ്‌ട്രേഷൻ ക്യാമ്പയിനുകൾ എന്നിവ നടത്തും. സ്‌കിൽ ഗ്യാപ് അസസ്‌മെന്റ്, നൈപുണ്യ വികസന പരിശീലനം, ഓറിയന്റേഷൻ എന്നിവ പൂർത്തിയാക്കി സെപ്റ്റംബറോടെ തൊഴിൽ മേള സംഘടിപ്പിക്കും.
പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗോവിന്ദൻ (ഏഴോം), പി ശ്രീമതി (പട്ടുവം), കെ രതി (കണ്ണപുരം), ഫാരിഷ ടീച്ചർ (മാട്ടൂൽ), എ പ്രാർഥന (കുഞ്ഞിമംഗലം), ടി ടി ബാലകൃഷ്ണൻ (കല്യാശ്ശേരി), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ), നോളജി ഇക്കണോമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ പി വി സൗമ്യ തുടങ്ങിയവർ സംസാരിച്ചു. കേരള നോളജ് ഇക്കണോമി മിഷൻ പ്രൊജക്ട് ഇൻചാർജ് പി കെ പ്രജിത്,  റിജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ എന്നിവർ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഫിഷറീസ്, തൊഴിൽ, വ്യാവസായിക വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, അസാപ്പ്, ഐസിടി അക്കാദമി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date