Skip to main content

പൗരധ്വനി: സപ്തദിന ക്യാമ്പ് അമ്പൂരി പുരവിമല സ്‌കൂളിൽ

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പൗരധ്വനി - സാമൂഹ്യ വിദ്യാഭ്യാസ പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. അമ്പൂരി പ്രാഥമികാരോഗ്യ സബ് സെന്ററിൽ നടന്ന യോഗം അമ്പൂരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി സപ്തദിന ക്യാമ്പ് പുരവിമല ഗവണ്മെന്റ് ട്രൈബൽ എൽ.പി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനുമായുള്ള ജില്ലാ സംഘാടകസമിതി ഇതിനായി രൂപീകരിച്ചു. പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് സംഘാടകസമിതി അധ്യക്ഷനാകും. ത്രിതല പഞ്ചായത്ത് മെമ്പർമാർ, സാമൂഹ്യപ്രവർത്തകർ, ഫോറസ്റ്റ് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, ട്രൈബൽ ഓഫീസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, എസ്.ടി പ്രൊമോട്ടർമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ എന്നിവർ അംഗങ്ങളായിരിക്കും. 101 അംഗങ്ങളാണ് സംഘാടക സമിതിയിലുള്ളത്.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പൗരധ്വനി. പൗരന്റെ അവകാശങ്ങൾ, കടമകൾ, ശാസ്ത്രാവബോധം, സ്വതന്ത്രചിന്ത, മതനിരപേക്ഷത ജനാധിപത്യ ബോധം, ഭരണഘടനാ കാഴ്ചപ്പാടുകൾ തുടങ്ങിയ ആശയങ്ങൾ പൊതുജനങ്ങളിലെത്തിച്ച് സ്വതന്ത്രപൗരരെ രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

date