Skip to main content

വേലിയേറ്റ വെള്ളപൊക്കം : പുത്തൻവേലിക്കരയിൽ അതിജീവന ശിൽപ്പശാല സംഘടിപ്പിച്ചു

 

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപൊക്കവും തീരദേശ ഗ്രാമങ്ങളെ ആവാസ യോഗ്യമല്ലാതാക്കുന്നത് എങ്ങനെ,  അതിജീവന എങ്ങനെ സാധ്യമാകും, സാമൂഹിക പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.

 പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ നടന്ന ശില്പശാലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. പുത്തൻവേലിക്കരയുടെ പ്രശ്നങ്ങളെ പ്രാദേശികമായി പരിശോധിച്ച് അതിജീവിക്കാനുള്ള പദ്ധതി രൂപീകരിക്കണം. ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

 പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധ്യത പ്രദേശങ്ങളിൽ ഓരോ പ്ലോട്ടുകൾ തിരിച്ച് പഠനങ്ങൾ നടത്തണം. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ  ജനങ്ങളുടെ  ജീവിതത്തെ ബാധിക്കുന്ന  പ്രശ്നങ്ങൾ പരിഗണിച്ച് ഇതിനെ അതിജീവിത വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യണം. വെള്ളപ്പൊക്കത്തിന് ഒപ്പം തന്നെ വരൾച്ചയെക്കുറിച്ചും ഭാവിയിൽ വെള്ളം ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യങ്ങളും പഠനവിധേയമാക്കണം. വേലിയേറ്റത്തെയും വെള്ളപ്പൊക്കത്തെയും കുറിച്ചുള്ള പഠനത്തിൽ ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളായ ഇടിമിന്നൽ, കാറ്റ്, ചൂട് എന്നിവയെയും ഉൾപ്പെടുത്തണമെന്നും  ഈ പഠനം പഞ്ചായത്ത് ഏറ്റെടുത്ത് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

വേലിയേറ്റ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇക്വിനോക്ട്, എം.എസ്.എസ്.ആർ.എഫ്, സി.ആർ.സി. പുത്തൻവേലിക്കര, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നിവയുടെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് ശില്പശാല നടന്നത്.

ശില്പശാലയിൽ  വിഷയത്തിന് അനുബന്ധമായ പ്രസന്റേഷനുകൾ നടന്നു. "ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥ പ്രതിരോധ നിർമ്മാണം "എന്ന വിഷയത്തിൽ ഇക്വിനോക്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സി.ജി മധുസൂദനൻ അവതരണം നടത്തി. "ദുരന്തസമയത്തെ ബഹുമുഖ പങ്കാളിത്തം "എന്ന വിഷയത്തിൽ റീ സൈലന്റ് ഡെസ്റ്റിനേഷൻ ഫൗണ്ടേഷൻ ഡയറക്ടർ. ഡോ.  ഗോപിനാഥ് പറയിൽ അവതരണം നടത്തി. " കാലാവസ്ഥ വ്യതിയാനത്തിൽ പ്രാദേശിക അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഇടപെടൽ : അവസരങ്ങളും വെല്ലുവിളികളും " എന്ന വിഷയത്തിൽ ടി.ഐ.എസ്. എസ് ഹാബിറ്റാട്ട് സ്റ്റഡീസ് ഡീൻ ഡോ. മഞ്ജുള ഭാരതി അവതരണം നടത്തി. തുടർന്ന് " ജല ജീവിതം സ്ത്രീ സാക്ഷ്യങ്ങൾ " എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

 ചടങ്ങിൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷത വഹിച്ചു.  ദുരന്തനിവാരണ അതോററ്റി ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ, ഡോ. സി. ജയരാമൻ , എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡെവലപ്മെന്റ് അസോസിയേറ്റ് എം.പി സാജൻ, ജനപ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുത്തു.

date