Skip to main content

ആധുനിക സാങ്കേതികവിദ്യ മത്സ്യമേഖലയിലെ ഉന്നമനത്തിന് ഉപയോഗിക്കണം: കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല്ല   

 

കൊച്ചി ഫിഷിങ് ഹാര്‍ബര്‍ നവീകരണ പ്രവര്‍ത്തനങ്ങൾക്ക് തറക്കല്ലിട്ടു 

ആധുനിക സാങ്കേതിക വിദ്യകള്‍ മത്സ്യമേഖലയിലെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല്ല. കൊച്ചി ഫിഷിങ് ഹാര്‍ബര്‍ ആധുനികവത്കരണ പ്രവര്‍ത്തനങ്ങളുടെ തറകല്ലിടല്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ മത്സ്യമേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൊച്ചിന്‍പോര്‍ട്ടും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും നടപ്പിലാക്കുന്ന പദ്ധതിക്ക് സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു. 

മത്സ്യത്തൊഴിലാളികൾക്ക് സഹായങ്ങള്‍ എത്തിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണ്. തീരദേശ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന സാഗര്‍പരിക്രമയുടെ ഏഴാം ഘട്ടമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സാഗര്‍പരിക്രമ യാത്രയിലൂടെ തീരപ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിയാന്‍ കഴിഞ്ഞതായും  പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രാമിണമേഖലയിലെ വികസനപ്രവര്‍ത്തനങ്ങളില്‍ മത്സ്യമേഖലയെ കൂടി ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിച്ച് ഫിഷറീസ് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ കേന്ദ്രമായ കൊച്ചി ഫിഷിങ് ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. കൊച്ചി ഫിഷിങ് ഹാര്‍ബര്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കൊച്ചി തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കെ.ജെ മാക്‌സി എം.എല്‍.എ പറഞ്ഞു.

കേരളത്തിന്റെ മത്സ്യബന്ധന മേഖല വലിയ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നതെന്നും ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള മത്സ്യസമ്പത്ത് ലഭ്യമാക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്നും ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. 

വില്ലിങ്ടണ്‍ ഐലന്റിലെ സാമുദ്രിക ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബനന്ദ സോനോവാള്‍ ഓണ്‍ലൈനായി പങ്കെടുത്തു. ബിനോയ്‌ വിശ്വം  എം.പി,  പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എം ബീന, ഡോ. അഭിലക്ഷ് ലിഖി തുടങ്ങിയവർ പങ്കെടുത്തു.

date