Skip to main content

ശുചിത്വത്തിനൊപ്പം കളമശ്ശേരി: മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും: മന്ത്രി പി രാജീവ്

 

ദേശീയപാത പരിപാലനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു

കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വത്തിനൊപ്പം കളമശ്ശേരി പദ്ധതി തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന സ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുമെന്ന് മന്ത്രി പി രാജീവ്. കുസാറ്റ് ഗസ്റ്റ് ഹൗസിൽ  നടത്തിയ  പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി( എൻ എച്ച് എ ഐ) സഹകരിച്ച്  കണ്ടെയ്നർ റോഡ് ആരംഭിക്കുന്ന ഭാഗത്ത് നിന്നും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഫുഡ്പാത്ത് ഉൾപ്പെടെ പരിസരം വൃത്തിയാക്കുകയും മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാത്ത രീതിയിൽ ബാരിക്കേടുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

കണ്ടെയ്നർ റോഡിന് എതിർവശത്ത് റെയിൽവേയോട് ചേർന്ന് നിൽക്കുന്ന ഭാഗത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഇവിടെ ആവശ്യമായ പ്രാഥമിക സൗകര്യങ്ങളോടുകൂടി കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെ തയ്യാറാക്കും. എൻ എച്ച് എ ഐ യുടെ സ്ഥലത്ത് പദ്ധതി ആരംഭിക്കുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് എൻ ഒ സി നൽകും. മറ്റ് പാർക്കിങ്ങുകൾ ഇവിടെ നിന്നും ഒഴിവാക്കും.

ചാക്കോളാസ് പവലിയൻ, ഡെക്കാത്തലൺ എന്നിവയുടെ  സഹകരണത്തോടെ ഈ ഭാഗത്ത് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. കണ്ടെയ്നർ റോഡിൻ്റെ ഭാഗത്ത് ചാക്കോളാസ് പവലിയന്റെ മതിൽ ഇടിഞ്ഞ് വീണ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കാൻ ചാക്കോളാസിന് നോട്ടീസ് നൽകും.

കളമശ്ശേരി മുൻസിപ്പാലിറ്റി, ഏലൂർ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ കണ്ടെയ്നർ റോഡിൽ ക്യാമറ സംവിധാനം, സ്ട്രീറ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

അങ്കമാലി മുതൽ ഇടപ്പള്ളി വരെയുള്ള റോഡ് സൗന്ദര്യവൽക്കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോഡിൻ്റെ മീഡിയൻ ഉൾപ്പെടെ ഇരുവശങ്ങളും ഭംഗിയാക്കും. 10 കോടി രൂപയുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന  നിപ്പോൺ ടയോട്ടയ്ക്ക്  മുൻവശത്ത് റിന്യൂവബിൾ പാർക്ക് ആരംഭിക്കും. എൻ എച്ച് എ ഐ യുടെ സ്ഥലത്ത് നിപ്പോൺ ടയോട്ടയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

മൂത്തകുന്നം മുതൽ ഇടപ്പള്ളി ഭാഗം വരെയുള്ള റോഡിൻ്റെ  വീതികൂട്ടൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി, റവന്യൂ, പോലീസ്, മൈനിങ് ആൻഡ് ജിയോളജി തുടങ്ങിയ വിവിധ വകുപ്പുകളെ സംഘടിപ്പിച്ചാണ് യോഗം ചേരുന്നത്. 2025 മാർച്ചിന് മുമ്പായി പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി യൂണിവേഴ്സിറ്റി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. മെട്രോയുടെ നേതൃത്വത്തിൽ ഫുട്പാത്ത് നവീകരിക്കും. മഞ്ഞുമ്മൽ ഭാഗത്ത് കൽവെർട്ട്  താഴ്ന്നിരിക്കുന്നതിനാൽ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. ഇവിടെ  വെള്ളക്കെട്ട്, വെള്ളം ഒഴുകി പോകാൻ ഉള്ള തടസ്സം എന്നിവ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. മഞ്ഞുമ്മൽ ഗൗഡൗണിൽ നിന്ന് സർവീസ് റോഡ് ഫാക്റ്റ് സിഗ്നൽ വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ദേശീയപാത പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ കണ്ടെയ്നർ റോഡ് ആരംഭിക്കുന്ന ഭാഗം, പുതിയറോഡ്, മഞ്ഞുമ്മൽ ഭാഗത്തെ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശം, നിപ്പോൺ ടയോട്ടക്ക് സമീപം, കൊച്ചിൻ യൂണിവേഴ്സിറ്റി പരിസരം, ഇടപ്പള്ളി തുടങ്ങിയ ഭാഗങ്ങൾ നേരിട്ട് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ബി എൽ മീണ, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, എൻ എച്ച് എ ഐ പ്രൊജക്റ്റ് ഡയറക്ടർമാർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.

date