Skip to main content

എന്റെ കടുങ്ങല്ലൂർ ശുചിത്വം സുന്ദരം; പഞ്ചായത്തിലുടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

 

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ പരിപാലന യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന  "എന്റെ കടങ്ങല്ലൂർ ശുചിത്വം സുന്ദരം" പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു.  പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലുടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.

പഞ്ചായത്തിലെ 21 വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ശുചീകരണ കമ്മിറ്റിയിലെ അംഗങ്ങൾക്ക്  പ്രത്യേക പരിശീലനം നൽകാനും ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മൂന്ന് ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങാനും തുമ്പൂർമുഴി മോഡലിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും പഞ്ചായത്ത്  തീരുമാനിച്ചിട്ടുണ്ട്.

എന്റെ കടുങ്ങല്ലൂർ ശുചിത്വം സുന്ദരം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, ഹരിതകർമ്മ സേന, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, എന്നിവരുടെ സഹകരണത്തോടെ രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടുകൾ കയറിയിറങ്ങി ബോധവൽക്കരണം, മാലിന്യ സംസ്കരണത്തിൽ അവബോധം വളർത്താൻ നോട്ടീസ് വിതരണം, ചോദ്യാവലി തയ്യാറാക്കി സർവ്വേ, ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  ശുചീകരണ യജ്ഞത്തിൽ മികച്ച മുന്നേറ്റമാണ് പഞ്ചായത്ത് കൈവരിച്ചത്. 

സർവ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ കൂടുതൽ ബിയോബിന്നുകൾ വിതരണം ചെയ്യും. 747 ബിയോബിന്നുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.  ഗ്രാമസഭകളിൽ മാലിന്യ പരിപാലനം അജണ്ടയായി സ്വീകരിച്ചു ചർച്ച ചെയ്തും ഹരിത സഭകൾ ചേർന്നുമാണ് പഞ്ചായത്തിൽ നടപ്പിലാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വ്യവസായമന്ത്രി പി. രാജീവ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.

date