Skip to main content

വിദ്യാർത്ഥികൾക്ക് വിസ്മയക്കാഴ്‌ച്ചയൊരുക്കി പെരുമ്പാവൂർ ഗവ.ഗേൾസ് എൽ. പി. സ്കൂളിൽ വർണ്ണക്കൂടാരം

 

വിദ്യാർത്ഥികളുടെ ശാരീരികവും മാനസീകവുമായ ഉന്നമനം ലക്ഷ്യമാക്കി പെരുമ്പാവൂർ ഗേൾസ് എൽ. പി. സ്കൂളിൽ  വർണ്ണക്കൂടാരം പദ്ധതി ആരംഭിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം പ്രീ പ്രൈമറി കുട്ടികൾക്ക് ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ്  പദ്ധതി ആവിഷ്കരിച്ചത്.

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ  10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. പഠനത്തിനോടൊപ്പം കുട്ടികളുടെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുക, സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുക, ഭാഷ, ശാസ്ത്രം തുടങ്ങിയ മേഖലയിലുള്ള ജ്ഞാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കുന്നത്.

ശിശു സൗഹൃദ ഫര്‍ണ്ണീച്ചറുകളും, പ്രത്യേക മാതൃകയില്‍ തയ്യാറാക്കിയ ഷെല്‍ഫുകളും, വേദികളും, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലെ വര്‍ണ്ണാഭമായ ചിത്രങ്ങളുമെല്ലാം സാധാരണ ക്ലാസ്മുറികളില്‍ നിന്നും വർണക്കൂടാരത്തെ വ്യത്യസ്തമാക്കുന്നു.
കളിയിലൂടെ പഠനം എന്ന ആധുനിക വിദ്യാഭ്യാസ തത്വം പ്രായോഗികമാക്കുന്ന സംസ്ഥാന സർക്കാരിന്റെ വർണ്ണക്കൂടാരം പദ്ധതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അഭിനയ ഇടം, ശാസ്ത്രയിടം , ഭാഷാ വികസനയിടം, ഗണിതയിടം, ആട്ടവും പാട്ടും, സംഗീതയിടം, കരകൗശലം, ഔട്ട് ഡോർ ആൻഡ് ഇൻഡോർ കളിയിടം, നിർമ്മാണയിടം, ഹരിതയിടം, വരയിടം, ഇ - ഇടം തുടങ്ങിയവയാണ് 13 ഇടങ്ങൾ.

date