Skip to main content

അപകടകരമായ മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണം: ജില്ലാ കളക്ടര്‍

 

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്വകാര്യ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ നിര്‍ദ്ദേശങ്ങളോ, നിലവില്‍ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടെങ്കില്‍ അവ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഉടന്‍ തീര്‍പ്പാക്കണം. മരങ്ങള്‍, മരച്ചില്ലകള്‍ വീണു മരണം, നാശനഷ്ടം എന്നിവ ഉണ്ടാകുന്നില്ലെന്ന് അതാത് തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. 

അപകടകരമെന്നും അടിയന്തരമായി മാറ്റേണ്ടത് എന്നും കണ്ടെത്തുന്ന മരങ്ങള്‍, മരച്ചില്ലകള്‍ മുറിക്കുവാനുള്ള അനുമതി നല്‍കുന്നതിനു പ്രാദേശികമായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയുടെ ചുമതലയാണ്. ഈ കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് വിധേയമായി അടിയന്തരമായി മുറിക്കേണ്ട മരങ്ങള്‍, ചില്ലകള്‍ ഉടന്‍തന്നെ മുറിക്കുവാനുള്ള നടപടികള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം. 

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും കൈവശഭൂമിയിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ അതാത് വകുപ്പുകളും ഏജന്‍സികളും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ചേര്‍ന്ന് മുറിച്ചു 
മാറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനുള്ള തുക അതാത് വകുപ്പുകള്‍ കണ്ടെത്തണം. ഇവ മുറിച്ചു മാറ്റുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യത. അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ ട്രീ കമ്മിറ്റിയുടെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ മരങ്ങള്‍ ചില്ലകള്‍ മുറിക്കാവൂ.

നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആയിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകാവുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കേണ്ട ബാധ്യത. 
അടിയന്തര സാഹചര്യങ്ങളില്‍ മരങ്ങള്‍, ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികാരികള്‍ക്കും ആവശ്യമായ സഹായ - സഹകരണം ഫയര്‍ & റെസ്‌ക്യു, പോലീസ്, കെ.എസ്.ഇ.ബി ുടങ്ങിയ വകുപ്പുകള്‍/ ഏജന്‍സികള്‍ കൃത്യമായി ലഭ്യമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

date