Skip to main content
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി  എറണാകുളം ഇ എം എസ് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ നിന്ന്.

ശുചിത്വം വിലയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജനകീയ ഹരിത ഓഡിറ്റ്

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വം ജനകീയ സോഷ്യല്‍ ഓഡിറ്റിലൂടെ വിലയിരുത്തുന്നു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ അഞ്ചുവരെ നടന്ന 'മാലിന്യമുക്തം നവകേരളം' ക്യാമ്പയനിന്റെ  പ്രവര്‍ത്തനങ്ങളാണ് പരിശോധിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യസംസ്‌കരണ രംഗത്തും ശുചിത്വരംഗത്തും നടപ്പിലാക്കിയിട്ടുണ്ടോ എന്നാണ് ഓഡിറ്റില്‍ വിലയിരുത്തുന്നത്.

ജനകീയ ഹരിത ഓഡിറ്റ് അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലനം എറണാകുളം ഇഎംഎസ് ടൗണ്‍ ഹാളില്‍ നടന്നു. നവകേരളം കര്‍മപദ്ധതി ജില്ലാ കോ ഓഡിനേറ്റര്‍ എസ് രഞ്ജിനി  ആമുഖാവതരണം നടത്തി. കില റിസോഴ്‌സ് പേഴ്‌സന്മാരായ കെ.കെ രവി, പി.കെ വര്‍ഗീസ്, നവകേരളം റിസോഴ്സ് പേഴ്‌സണ്‍ ശാലിനി ബിജു, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പാര്‍വതി, കുടുംബശ്രീ ബ്ലോക്ക് കോ ഓഡിനേറ്റര്‍ ബിപിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

വ്യാപാരി വ്യവസായി സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പെന്‍ഷന്‍ സംഘടനകള്‍, വായനശാലാ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. അംഗങ്ങള്‍, യുവജനപ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ഓഡിറ്റ് ചെയ്യുന്ന ജനകീയ സമിതിയില്‍ അംഗങ്ങളായിരിക്കും. ഇതോടൊപ്പം സ്വയംസന്നദ്ധരായി വരുന്നവരില്‍നിന്ന് നാലുപേരെയും ഉള്‍പ്പെടുത്തും. മൂന്നുമാസം കൂടുമ്പോള്‍ തുടര്‍ ജനകീയ ഹരിത ഓഡിറ്റുകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ജനകീയവേദികളില്‍ അവതരിപ്പിക്കും.

ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍  ജുബൈരിയ ഐസക്, വിവിധ വകുപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

date