Skip to main content
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പുരോഗമിക്കുന്ന സ്മാർട്ട് അങ്കണവാടി.

കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുങ്ങുന്നു 

 

കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കുമ്പളങ്ങി മാതൃക ഗ്രാമത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുങ്ങുന്നു. പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഹൈബി ഈഡന്‍ എംപിയുടെ നിര്‍ദ്ദേശപ്രകാരം സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിക്കുന്ന സ്മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മ്മാണം  അവസാനഘട്ടത്തിലാണ്. 

സ്പോണ്‍സര്‍ഷിപ്പില്‍ ലഭിച്ച 2 സെന്റ് സ്ഥലത്ത് 22 ലക്ഷംരൂപയുടെ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന അങ്കണവാടി ആധുനിക നിലവാരത്തിലാണ് കുട്ടികള്‍ക്കായി പഞ്ചായത്ത് ഒരുക്കി നല്‍കുന്നത്. ഇരുനിലകെട്ടിടത്തില്‍ ഒരുങ്ങുന്ന അങ്കണവാടിയെ സ്മാര്‍ട്ടാക്കാന്‍ വര്‍ണ്ണാഭമായ ചുമര്‍ചിത്രങ്ങള്‍, കുട്ടികളുടെ മാനസിക ഉല്ലാസത്തിനാവശ്യമായ കളിപ്പാട്ടങ്ങള്‍, ശിശു സൗഹൃദ ഫര്‍ണീച്ചറുകള്‍, ക്രീയേറ്റീവ് ഏരിയകള്‍ എന്നിവ ഉണ്ടാകും. 

നിലവില്‍ പഞ്ചായത്തിലെ ഒരു അങ്കണവാടി മാത്രമാണ് സ്മാര്‍ട്ടായി പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണം അവസാനഘട്ടത്തില്‍ പുരോഗമിക്കുന്ന സ്മാര്‍ട്ട് അങ്കണവാടി രണ്ട് മാസത്തിനുള്ളില്‍ നാടിന് സമര്‍പ്പിക്കുമെന്ന് 17-ാം വാര്‍ഡ് മെമ്പറും കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എ സഗീര്‍ പറഞ്ഞു.

ഇതുകൂടാതെ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ തട്ടാളിത്തറ ഭാഗത്ത് സാമൂഹ്യനിതി വകുപ്പിന്റെ കീഴില്‍ മറ്റൊരു അങ്കണവാടി കൂടി വൈകാതെ യാഥാര്‍ത്ഥ്യമാകും. പുറമ്പോക്ക് ഭൂമി പിടിച്ചെടുത്ത സ്ഥലത്ത് 11,80,000 രൂപയാണ് ഈ അങ്കണവാടിക്കായി അനുവദിച്ചിരിക്കുന്നത്.

date