Skip to main content

പട്ടയ മേളക്കൊരുങ്ങി ജില്ല : 1012 പട്ടയങ്ങൾ വിതരണം ചെയ്യും

പട്ടയ മേളക്കൊരുങ്ങി ജില്ല : 1012 പട്ടയങ്ങൾ വിതരണം ചെയ്യും

തിങ്കളാഴ്ച (ജൂൺ 19 )  മന്ത്രി  കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും

  സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് തിങ്കളാഴ്ച (ജൂൺ 19 )  കളമശേരി ടൗൺഹാളിൽ നടക്കുന്ന പട്ടയമേളയിൽ 1012 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യും. രാവിലെ 10ന് റവന്യൂ വകുപ്പ് മന്ത്രി  കെ. രാജൻ  പട്ടയ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.

 എല്ലാവർക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പട്ടയമേളയിൽ  ജില്ലയിലെ ഏഴ് താലൂക്കുകളിലായി 124 സാധാരണ പട്ടയങ്ങളും 288  ദേവസ്വം പട്ടയങ്ങളും 600 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്യും. കൂടാതെ 13 അപേക്ഷകർക്ക് കൈവശാവകാശ രേഖകളും കൈമാറും 

 കണയന്നൂർ താലൂക്കിൽ 12, ആലുവയിൽ 13 ഉം, പറവൂരിൽ നാലും കൊച്ചി താലൂക്കിൽ 18 ഉം, മൂവാറ്റുപുഴയിൽ 16ഉം കോതമംഗലത്ത് 30ഉം, കുന്നത്തുനാട്ടിൽ 31ഉം സാധാരണ പട്ടയങ്ങളാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.

പട്ടയം നൽകാൻ കഴിയാത്ത റോഡ്, തോട് ഉൾപ്പെടെയുള്ള പുറമ്പോക്കുകളിൽ കഴിയുന്നവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ്  കൈവശാവകാശ രേഖ നൽകുന്നത്.

  ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാകും. എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, തോമസ് ചാഴിക്കാടൻ എന്നിവരും  ജില്ലയിൽ നിന്നുള്ള എല്ലാ എംഎൽഎമാരും പങ്കെടുക്കും. 

രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടക്കുന്ന മൂന്നാമത്തെ പട്ടയമേളയാണ് കളമശേരിയിൽ നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണകളിലായി  2,447 പേർക്കായിരുന്നു ഭൂമിയുടെ അവകാശം ഔദ്യോഗികമായി പതിച്ചു കിട്ടിയത്. കൂടുതൽ പേർക്ക് കൂടി ഭൂമി പതിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

date