Skip to main content

പട്ടികജാതി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി താല്‍ക്കാലികമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി 18-40 വയസ്സ്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേക്ക് അപേക്ഷിക്കുന്നവര്‍ അതത് തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിലുള്ളവരായിരിക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ സ്ഥാപനത്തിലുള്ളവരെ പരിഗണിക്കും.
ജില്ലാതല അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ ഹോണറേറിയം ലഭിക്കും. സേവന കാലയളവ് ഒരു വര്‍ഷമാണ്. സേവനം തൃപ്തികരമാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 20ന് 5 മണി. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്, മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297

date