Skip to main content

അതിഥി തൊഴിലാളികളുടെ മക്കൾക്കായി വെങ്ങോലയിൽ മൊബൈൽ ക്രഷ്  ഒരുങ്ങുന്നു

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി മൊബൈൽ ക്രഷുമായി ജില്ലാ ഭരണകൂടവും വെങ്ങോല ഗ്രാമ പഞ്ചായത്തും. കുട്ടികൾക്കുള്ള ഡേ കെയർ സംവിധാനം ജൂലൈ മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) എസ്. ഷാജഹാൻ അറിയിച്ചു.

 വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംകുളത്താണ് ക്രഷ് നിർമിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. വെങ്ങോലക്ക് സമീപം പ്ലൈവുഡ് കമ്പനിയിലെ ചളിക്കുണ്ടിൽ വീണ് കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്കായി ഡേ കെയർ സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചത്.  ഹൈകോർട്ടിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ക്രഷിന്റെ പരിഷ്കരിച്ച മാതൃകയാകും ഇവിടെ കൊണ്ടു വരിക. മോഡൽ മൊബൈൽ ക്രഷാക്കി മാറ്റി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് എ.ഡി.എം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനമായ സി.ഐ.എ ഫൗണ്ടേഷന്റെ സി.എസ്.ആർ ഫണ്ടിന്റെയും സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെയും (സോപ്മ) ധനസഹായത്തോടെയാണ്  ക്രഷിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുക. ഇതിന് പുറമെ  കൂടുതൽ സർക്കാർ സഹായം കൂടി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ 25 കുട്ടികൾക്കുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. ഇവർക്ക് വേണ്ട ഭക്ഷണം  യാത്ര സൗകര്യം തുടങ്ങിയവ ഒരുക്കും. രണ്ട് ഷിഫ്റ്റുകളിലായി  നാല് ജീവനക്കാരാകും ക്രഷിൽ ഉണ്ടാവുക. ഇതിൽ രണ്ടുപേർ അതിഥി തൊഴിലാളികളോ അവരുടെ ഭാഷ കൈകാര്യം ചെയ്യുന്നവരോ ആയിരിക്കും.

യോഗത്തിൽ ക്രഷിന്റെ നടത്തിപ്പിനായി വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അധ്യക്ഷനായ സമിതിയിൽ പഞ്ചായത്ത് വികസനകാര്യ  അധ്യക്ഷ, വാർഡ് കൗൺസിലർ, ഐ.സി.ഡി.എസ്, സി.ഡി.പി.ഓ സൂപ്പർവൈസർമാർ, സോപ്മ പ്രതിനിധികൾ  തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. ക്രഷിനായി കണ്ടെത്തിയ കെട്ടിടം സന്ദർശിച്ച എ.ഡി.എം രണ്ടാഴ്ചക്കകം നവീകരണ പ്രവർത്തനങ്ങൾ  പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. 

എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശിഹാബ് പള്ളിക്കൽ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റർ  കെ.ബി സൈന, ഗ്രാമപഞ്ചായത്ത്  അംഗങ്ങൾ, സോപ്മ പ്രതിനിധികൾ, സി.ഐ.എ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

date