അംബേദ്കർ ഗ്രാമ വികസന പദ്ധതി: ചെങ്ങറ കോളനിക്ക് ഒരു കോടി
ആവോലി ഗ്രാമ പഞ്ചായത്തിലെ ചെങ്ങറ കോളനി അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നു. പട്ടികജാതി കോളനികൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് കോളനിയിൽ നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾ താമസിക്കുന്ന കോളനിയിൽ പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പെടെ 175 കുടുംബങ്ങളാണുള്ളത്. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു. ഓരോ മണ്ഡലത്തിലെയും എം. എൽ. എമാർ നേരിട്ടാണ് പദ്ധതിക്കനുയോജ്യമായ കോളനി തിരഞ്ഞെടുക്കുക. അമ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതും
വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ കോളനികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
കോളനിയിലെ സംരക്ഷണഭിത്തിയുടെ നിർമ്മാണം, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, റോഡുകളുടെ നവീകരണം, പൊതുകുളം നിർമ്മാണം, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, കമ്മ്യൂണിറ്റി ജൈവ കമ്പോസ്റ്റ് പിറ്റ് സ്ഥാപിക്കൽ, വീടുകളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പ്രവർത്തനകളാണ് കോളനിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്. കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണത്തിനായി എൻ. ഒ. സി. ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് പറഞ്ഞു.
- Log in to post comments