Skip to main content
പട്ടയ വിതരണ മേളയുടെ വേദിയിൽ നിന്നും ഇറങ്ങിചെന്ന് മന്ത്രിമാരായ കെ. രാജനും പി. രാജീവും  കൃഷ്ണൻകുട്ടിക്ക് പട്ടയം നൽകുന്നു.

പട്ടയ വിതരണ മേള : സ്വന്തം ഭൂമി എന്ന   കൃഷ്ണൻ കുട്ടിയുടെ സ്വപ്നം സഫലം

പട്ടയ വിതരണ മേളയിൽ മന്ത്രിമാർ വേദിയിൽ നിന്ന് ഇറങ്ങിവന്ന് ഇരിപ്പിടത്തിൽ എത്തിച്ചു നൽകിയത്  കൃഷ്ണൻകുട്ടിയുടെ സ്വന്തം ഭൂമി എന്ന സ്വപ്നം. അപേക്ഷ നൽകിയിട്ടും നാളുകളായി കിട്ടാതിരുന്ന പട്ടയം മന്ത്രിമാർ തന്റെ കസേരയുടെ അടുത്ത് വന്ന് നൽകിയപ്പോൾ നിറകണ്ണുകളോടെയാണ് കൃഷ്ണൻകുട്ടി സ്വീകരിച്ചത്.

   നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന  പട്ടയ വിതരണ മേളയിൽ മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ വില്ലേജിൽ കാട്ടുചിറ വീട്ടിൽ കെ.ഐ. കൃഷ്ണൻകുട്ടിക്കാണ് പട്ടയം ലഭ്യമായത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും വേദിയിൽ നിന്നും ഇറങ്ങി  കൃഷ്ണൻകുട്ടിയുടെ അടുത്ത് ചെന്ന് പട്ടയം നൽകി. ശാരീരിക അസ്വസ്ഥതയെ തുടർന്ന് വേദിയിലേക്ക് കയറാനാകാത്തതിനാൽ മന്ത്രിമാർ കൃഷ്ണൻ കുട്ടിക്ക് അരികിലെത്തി പട്ടയം നൽകിയത്.

 മന്ത്രിമാർ തന്റെ അടുത്തെക്ക് വന്ന് പട്ടയം നൽകിയപ്പോൾ അത്ഭുതത്തോടെയാണ് കൃഷ്ണൻകുട്ടി പട്ടയം സ്വീകരിച്ചത്.

 ജീവിതശൈലീ രോഗങ്ങൾ അലട്ടുന്ന കൃഷ്ണൻകുട്ടി ഭാര്യ രാജമ്മയുടെ മരണത്തോടെ വീട്ടിൽ ഒറ്റയ്ക്കാണ്.  രണ്ട് പെൺമക്കളുടെയും കല്യാണം കഴിഞ്ഞ് മാറിയാണ് അവർ താമസിക്കുന്നത്. പ്രദേശവാസികളുടെ സഹായത്താലാണ് ജീവിതം കഴിഞ്ഞു പോകുന്നത്. സ്വന്തം ഭൂമിയുടെ പട്ടയത്തിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ച് നാളുകൾക്ക് ശേഷം പട്ടയം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

date