Skip to main content

സാനിറ്ററി, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കൊച്ചി നഗര പരിധിയിലെ വീടുകളിലെ സാനിറ്ററി, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. മാലിന്യ ശേഖരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി മേയര്‍ കെ.എ ആന്‍സിയാ നിര്‍വഹിച്ചു.

കേരള എന്‍വയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെയില്‍)മായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഏകീകൃത സംവിധാനത്തിലൂടെ ശേഖരണ കലണ്ടര്‍ പ്രകാരം സാനിറ്ററി, ഗാര്‍ഹിക ബയോമെഡിക്കല്‍ മാലിന്യ ശേഖരണത്തിനാണ് കൊച്ചി നഗരസഭയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. 

അംഗീകൃത ഏജന്‍സികള്‍ മുഖേന കലണ്ടര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് കെയില്‍ ശേഖരണം നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്ത് ശേഖരണം ഉറപ്പാക്കാനാകും. ശേഖരിക്കുന്ന ഏജന്‍സി തന്നെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ ചട്ടങ്ങള്‍ പ്രകാരമുള്ള ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. 

കിലോഗ്രാമിന് എല്ലാ നികുതികളും ഉള്‍പ്പടെ 12 രൂപ യൂസര്‍ ഫീ നിരക്കിലാണ് ശേഖരണം. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്വകാര്യ ഏജന്‍സികള്‍ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കിലോഗ്രാമിന് 54 രൂപ വരെയായിരുന്നു യൂസര്‍ ഫീ നല്‍കേണ്ടി വന്നിരുന്നത്. അതിനാല്‍  സാധാരണക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നില്ല. സംസ്‌ക്കരണ ചിലവ് നഗരസഭ വഹിച്ചു കൊണ്ട് ശേഖരണ ചിലവ് മാത്രം ഗുണ ഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിനാലാണ് കുറഞ്ഞ തുകയ്ക്ക് സേവനം ലഭ്യമാക്കാന്‍ നഗരസഭയ്ക്ക് സാധിക്കുന്നത്. 

തിങ്കള്‍ 1, 2, 3, 4, 5, 6, 7, 8, 9, 10, 24, 25, 26, 27, 28 എന്നീ ഡിവിഷനുകളില്‍ ശേഖരണം നടക്കും. 50 മുതല്‍ 64 വരെയുള്ള ഡിവിഷനുകളില്‍ ചൊവ്വാഴ്ചയും, 31, 32, 33 ഡിവിഷനുകളിലും 65 മുതല്‍ 74 വരെയുള്ള ഡിവിഷനുകളിലും ബുധനാഴ്ചയും, 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളില്‍ വ്യാഴാഴ്ചയും ആയിരിക്കും ശേഖരണം. വെള്ളിയാഴ്ച ദിവസങ്ങളില്‍ 11 മുതല്‍ 23 വരെയുള്ള ഡിവിഷനുകളിലും, 42 മുതല്‍ 49വരെയുള്ള ഡിവിഷനുകളിലും, 29, 30 ഡിവിഷനുകളിലും ശേഖരണം നടക്കും. 

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പിന്നാലെ സാനിറ്ററി, ബയോമെഡിക്കല്‍ മാലിന്യ ശേഖരണവും ആരംഭിച്ചതോടെ കൊച്ചി അടിമുടി മാറാന്‍ ഒരുങ്ങുകയാണ്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ്. അഡീ. സെക്രട്ടറി വി.പി ഷിബു,  ഹെല്‍ത്ത് ഓഫീസര്‍ ഡോ. ശശികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date