Skip to main content

അപകട സാധ്യതകൾ പരമാവധി ഒഴിവാക്കണം; മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാതല പരിശീലന പരിപാടി

 

എല്ലാ വകുപ്പുകളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി   വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങളുണ്ടാകാനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കണം. അതിന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏറെ സഹായിക്കും. അതത് വകുപ്പുകൾ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കണം. അത് സംബന്ധിച്ചു കൃത്യമായ അവലോകനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. മഴക്കാലത്ത് ക്യാമ്പുകൾ തുടങ്ങാൻ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഉറപ്പാക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ആവശ്യമായ പരിശീലനം നൽകേണ്ടതാണ്. 

തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ മഴക്കാലത്ത് സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കുന്ന 'ഓറഞ്ച് ബുക്കിനെ' ആസ്പദമാക്കിയായിരുന്നു പരിശീലന പരിപാടി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ പരിശീലനത്തിന് നേതൃത്വം നൽകി. ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ ക്ലാസ്സ്‌ നയിച്ചു.

date