Skip to main content

നെല്‍കൃഷിയെ വരവേല്‍ക്കാനൊരുങ്ങി ചെമ്മീന്‍ കെട്ടുകള്‍; പ്രതീക്ഷയോടെ പൊക്കാളി കര്‍ഷകര്‍ 

 

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക ചെമ്മീന്‍കെട്ടുകളും കൃഷിയെ വരവേല്‍ക്കാനൊരുങ്ങുകയാണ്. കാലവര്‍ഷം തുടക്കംകുറിച്ചതോടെ ഇനി പൊക്കാളി കൃഷിയുടെ കാലമാണ്. കണ്ണും മനവും നിറയ്ക്കുന്ന നെല്‍ച്ചെടികള്‍ പാടശേഖരങ്ങളില്‍ നിറയുന്ന കാലം. മഴ ചതിക്കില്ലെന്ന പ്രതീക്ഷയോടെ പാടത്ത് വിത്ത് വിതയ്ക്കാനൊരുങ്ങുകയാണ് കുമ്പളങ്ങിയിലെ പൊക്കാളി കര്‍ഷകര്‍. 
 
പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഈ വര്‍ഷത്തെ പൊക്കാളി കൃഷിക്ക് രണ്ട് പ്രോജക്ടുകളിലായി 1,92000 രൂപയും 40,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിലെ അഞ്ച് മുതല്‍ ആറ് ഏക്കര്‍ വരെയുള്ള സ്ഥലത്ത് നിലവില്‍ കൃഷിയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കിയാല്‍ കൂടുതല്‍ തുക അനുവദിക്കും. 

സംസ്ഥാന സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി മാതൃകയില്‍ ആറുമാസം മീന്‍കൃഷിയും ആറുമാസം പൊക്കാളി നെല്‍കൃഷിയുമാണ് കുമ്പളങ്ങിയിലെ പൊക്കാളി പാടങ്ങളില്‍ ചെയ്തുവരുന്നത്. സംയോജിതകൃഷി നടത്തുന്ന പാടങ്ങളില്‍നിന്നുള്ള വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുന്നതാണ് പൊക്കാളിക്കൃഷിയിലെ ആദ്യപടി. 

ജൂണില്‍ മഴ ലഭിക്കുന്നതോടെ വരണ്ടുണങ്ങിയ പാടത്തെ ഉപ്പ് ഒലിച്ചിറങ്ങും. തുടര്‍ന്ന് ഞാറ്റുവേല കഴിഞ്ഞ് മഴപെയ്താലാണ് വിത്തുവിതയ്ക്കല്‍ ആരംഭിക്കുന്നത്. അഞ്ചുദിവസം നീണ്ട പ്രക്രിയയിലൂടെ മുളപ്പിച്ച വിത്തുകള്‍ കുമ്മാനയം ഇട്ടു പരുവപ്പെടുത്തിയ നിലത്തിലാണ് വിതയ്ക്കുന്നത്. 120 ദിവസമാണ് വിളവെടുപ്പിനുള്ള കാലാവധി. കൃത്യമായി നല്ല മഴ ലഭിച്ചാല്‍മാത്രമേ വിത്തുകള്‍ നെല്‍ക്കതിരായി മാറൂകയുള്ളൂ.

വരും ദിവസങ്ങളില്‍ മീന്‍ വളര്‍ത്തിയിരുന്ന കൂടുതല്‍ പാടശേഖരങ്ങള്‍ വെള്ളം വറ്റിച്ച് കൃഷിയ്ക്കായി സജ്ജമാകും. ജില്ലയില്‍ കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, കടമക്കുടി, പിഴല, എളങ്കുന്നപ്പുഴ, ഏഴിക്കര, കുമ്പളങ്ങി, ചെല്ലാനം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലാണ് പൊക്കാളി പ്രധാനമായും കൃഷി ചെയ്യുന്നത്. 

കുമ്പളങ്ങി ചുടുകാട് പാടശേഖരത്തില്‍ കഴിഞ്ഞദിവസം പൊക്കാളി നെല്‍വിത്ത് വിതച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ്  ലീജ തോമസ്, വൈസ് പ്രസിഡന്റ് പി.എ സഗീര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വിത നടന്നത്. ജൂലൈ പകുതിവരെ വിവിധ പാടശേഖരങ്ങളില്‍ വിത്ത് വിത നടക്കും.

date