Skip to main content

കാർഷിക മേഖലയില്‍ പുത്തൻ ഉണർവിന് കുടുംബശ്രീയുടെ കാർഷിക ക്ലബുകള്‍

കാർഷിക മേഖലയിൽ പുതിയ ഉണര്‍വിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാർഷിക ക്ലബുകൾ വരുന്നു. ജില്ലയിലെ 111 കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികളിലും (സി.ഡി.എസ്) ഫാർമേഴ്‌സ് ക്ലബുകൾ രൂപീകരിച്ചു കൊണ്ട് സമഗ്ര കാർഷിക വികസനം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ തുടക്കം കുറിച്ചു. കൃഷി, മൃഗ സംരക്ഷണം തുടങ്ങി അനുബന്ധ മേഖലകളിലെ സി.ഡി.എസിന്റെ പ്രവർത്തങ്ങൾക്ക് കാര്‍ഷിക ക്ലബ്ബുകള്‍ സഹായം നൽകും.
വിവിധ വകുപ്പുകളുമായി ചേർന്ന് സ്പാർക്ക്  (special Project for Agricultural Revitalization Kendra ) എന്ന പേരിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കുടുംബശ്രീയുടെ പ്രത്യേകപദ്ധതി രൂപപ്പെടുത്തുന്നത്. കുടുംബശ്രീ മുമ്പ് തുടക്കം കുറിച്ച ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ എന്ന ആശയം പുതുക്കിയാണ് സ്പർക്ക് പദ്ധതി രൂപീകരിക്കുന്നത്. പഞ്ചായത്തുകളിലെ വനിതാ, പുരുഷ കർഷകരെ ഉൾക്കൊണ്ടുള്ള കാർഷിക ക്ലബ് രൂപീകരണവും സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷൻ നടപടികളും ജില്ലയില്‍ പുരോഗമിക്കുകയാണ്.
     കൂട്ടുത്തരവാദിത്വ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡി ലഭ്യമാക്കുക, SMAM പോലുള്ള പദ്ധതിയിലൂടെ കാർഷിക ഉപകരണങ്ങൾ 80 ശതമാനം സബ്‌സിഡി നിരക്കിൽ ലഭ്യമാക്കി കുറഞ്ഞ നിരക്കിൽ കർഷകർക്ക് വാടകക്ക് ലഭ്യമാക്കുക, വനിത കാർഷിക ഘടക പദ്ധതികൾ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫണ്ട് വകയിരുത്തി അത് ക്ലബുകൾ വഴി നടപ്പിലാക്കുക, തൊഴിലുറപ്പ് പദ്ധതി വഴി കാർഷിക രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ഏറ്റെടുത്ത് നടപ്പിലാക്കുക തുടങ്ങി നിരവധി നൂതന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തരത്തിലാണ് കാർഷിക ക്ലബുകൾ രൂപീകരിക്കുന്നത്.
കുടുംബശ്രീ കാർഷിക- മൃഗസംരക്ഷണ മേഖലയില്‍ ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നതുമായി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന യോഗം നടന്നിരുന്നു. ഫാർമേഴ്‌സ് ക്ലബിന് അടിസ്ഥാന സൗകര്യങ്ങൾക്ക് ധന സഹായം നൽക്കുന്നതിനും പ്രവർത്തനം ഏകോപ്പിക്കുന്നതിനു കൃഷി, മൃഗസംരക്ഷണ, ഡയറി വകുപ്പുകള്‍ക്ക് അതത് ജില്ലാ ഓഫീസുകൾ വഴി ഏകോപനത്തിന് കത്തുകൾ നൽകിയിട്ടുണ്ട്.

date