Skip to main content
നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം

ആരോഗ്യത്തിന് ഊർജം പകർന്ന്  ആയുഷ് യോഗാ ക്ലബ്ബുകൾ സജ്ജം

ആരോഗ്യത്തിന് ഊർജം പകർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 50 ആയുഷ് യോഗാ ക്ലബുകൾ ജില്ലയിൽ പ്രവർത്തന സജ്ജമായി.  ജീവിത ശൈലീരോഗങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ 1000 യോഗാ ക്ലബ്ബുകൾ ആരംഭിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണിത്.

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലബുകൾ തുടങ്ങിയത്. ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളുള്ള സ്ഥലങ്ങളിലും മറ്റ് തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലുമായാണ് ക്ലബ്ബുകൾ. സ്വകാര്യ ഡോക്ടർമാരുടെ പങ്കാളിത്തത്തോടൊപ്പം യോഗാ ക്ലബിൽ ആയുർവേദ മെഡിക്കൽ അസോസിയേഷനും സഹകരിക്കുന്നുണ്ട്. എല്ലാ ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളിലും ഉടൻ തന്നെ വനിതാ യോഗാ ക്ലബുകളും തുടങ്ങും.

നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മരട് ശ്രീനാരായണ ഹാളിൽ  എറണാകുളം എം.പി ഹൈബി ഈഡൻ നിർവ്വഹിച്ചു. മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അധ്യക്ഷത വഹിച്ചു.

ഭാരതിയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ. സോണിയ, ഹോമിയോപ്പതി വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. മേഴ്സി ഗോൺസാൽവസ്  എന്നിവർ മുഖ്യാതിഥികളായി.  നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ്, മരട് നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: രശ്മി സനിൽ,  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ഡി.രാജേഷ് , ചന്ദ്രകലാധരൻ, യോഗാ നാച്യുറോപ്പതി മെഡിക്കൽ ഓഫീസർമാരായ ഡോ. അനു ഏലിയാസ് , ഡോ. ടി.എൻ. അനീജ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ.പി.  ജിൻഷിദ് സദാശിവൻ, മരട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കല, ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രജനി, ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ. ആർ. ജീൻഷ എന്നിവർ സംസാരിച്ചു. യോഗാ ക്ലാസ്സിന് ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗാ നാച്യുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി എൻ നായർ നേതൃത്വം നൽകി.

സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത   യോഗാ പ്രദർശനവും വിവിധ യോഗാപരിശീലകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള നൃത്തയോഗാ, യോഗാഭ്യാസം, യോഗാ ഡാൻസ് എന്നിവയുമുണ്ടായിരുന്നു.

date