Skip to main content

ജല ടൂറിസം: ബോട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

കണ്ണൂരില്‍ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ബോട്ട് സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്രാങ്ക് ഉള്‍പ്പെടെയുള്ള ബോട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ജില്ലാ വാട്ടര്‍ ടൂറിസം ടെക്‌നിക്കല്‍ കമ്മറ്റി യോഗം തീരുമാനിച്ചു. അഴിക്കല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാവും പരിശീലനം. ഉത്തരവാദിത്ത ടൂറിസം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പിരശീലനം നല്‍കുക. വിരമിച്ച നാവികസേന, തീകരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ജില്ല കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ വിനോദ സഞ്ചാര ബോട്ടുകളുടെ കണക്കെടുക്കാന്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പഞ്ചായത്ത്, പോര്‍ട്ട്, ടൂറിസം പ്രതിനിധികളടങ്ങിയ കമ്മറ്റി മൂന്ന് മാസത്തിലൊരിക്കല്‍ ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്തും. സ്വകാര്യ ബോട്ട് ജെട്ടികളുടെ കണക്കെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ ധാരണയായി. ബോട്ടുജെട്ടികളിലെ മണ്ണ് മാറ്റാന്‍ ഇന്‍ലാന്റ് നാവിഗേഷനെ ചുമതലപ്പെടുത്താനും ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ പുതിയ ജെട്ടികളിലേക്ക് മാറ്റി സര്‍വീസ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കും. ബോട്ട് സര്‍വീസ് ആഭ്യന്തര മത്സ്യ ബന്ധനത്തെ ബാധിക്കുന്നതൊഴിവാക്കാന്‍ ബോട്ടുടമകളുടെയും മീന്‍പിടുത്ത തൊഴിലാളികളുടെയും പ്രത്യേക യോഗം വിളിക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ഇതിനായി ചുമതലപ്പെടുത്തി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡണ്ട് എം സച്ചിന്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ബോട്ടുടമാ പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date