Skip to main content

കലക്ടറേറ്റിലെ പഴയ വാഹനങ്ങൾ ഒഴിവാക്കും

കലക്ടറേറ്റ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ വണ്ടികൾ നീക്കം ചെയ്യുന്നതിന് ആർ ടി ഒ യ്ക്ക് നിർദേശം നൽകി. വാഹനങ്ങൾ ഉടനടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് എല്ലാ വകുപ്പുകൾക്കും ആർ ടി ഒ കത്ത് നൽകി. ബാക്കി വാഹനങ്ങൾ ഏറ്റെടുത്ത് ലേലം ചെയ്യുകയോ സ്ക്രാപ് ആയി ഒഴിവാക്കുകയോ ചെയ്യുന്നതിനും തീരുമാനിച്ചു. കലക്ടറേറ്റ് പരിസരം ശുചീകരിക്കുന്നതിന് ഹരിത കേരളം മിഷനും പിഡബ്ല്യുഡിയും സംയുക്ത പരിശോധന നടത്തുന്നതിനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.

വെങ്കിടങ്ങ് കായൽ കൈയേറ്റം തടയുന്നതിനായി രാത്രികാല പൊലീസ് പട്രോളിംഗ് നടത്തും. തീരദേശ പരിപാലന നിയമ ലംഘനത്തിന് കൈയ്യേക്കാർക്ക് തദ്ദേശഭരണ ജോയിൻ്റ് ഡയറക്ടർ നോട്ടീസ് നൽകി.

എൻഎച്ച് 66 നിർമാണവുമായി ബന്ധപ്പെട്ട് കേടുപാടുകൾ സംഭവിച്ച റോഡുകൾ, പെെപ്പ് ലൈനുകൾ തുടങ്ങിയവ എൻ എച്ച് എ ഐ യ്ക്ക് വേണ്ടി ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനി നേരിട്ട് അറ്റകുറ്റപ്പണികൾ ചെയ്യാമെന്ന് ഉറപ്പു നൽകിയതായി സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്തനിവാരണ അടിസ്ഥാനത്തിൽ പ്രളയസാധ്യതയുള്ളതും അടിയന്തിര ഇടപെടൽ ആവശ്യമുള്ളതുമായ സ്ഥലങ്ങളിലെ തോടുകൾ വൃത്തിയാക്കുന്നതിന് നടപടിയായി.

രൂക്ഷമായ കടലാക്രമണം നേരിടുന്ന കയ്പമംഗലം, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളിൽ സുസ്ഥിര സംരക്ഷണ പ്രവൃത്തികൾ ചെയ്യുന്നതിന് എൻസിസിആറിൻ്റെ ഡിസൈൻ ലഭ്യമാക്കുന്നതിന് നടപടിയായി. പുന്നയൂർക്കുളം കടൽഭിത്തി നിർമാണത്തിൻ്റെ ഡി പി ആർ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കടപ്പുറം പഞ്ചായത്തിൽ കടലാക്രമണ പ്രതിരോധ പ്രവൃത്തികളുടെ പ്രപ്പോസൽ ചീഫ് എൻജിനീയർക്ക് സമർപ്പിച്ചതായും അഡീഷണൽ ഇറിഗേഷൻ എക്സി. എഞ്ചിനീയർ അറിയിച്ചു.

നെൽകർഷകർക്ക് സംഭരിച്ച നെല്ലിൻ്റെ തുക ജൂൺ 30 നകം ലഭ്യമാക്കാൻ നടപടിയെടുത്തതായി ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.

പെൻഷൻ ലഭിക്കുന്നതിനായുള്ള മസ്റ്ററിംഗ് കാലാവധി വർധിപ്പിക്കണമെന്ന പ്രമേയം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ യോഗത്തിൽ അവതരിപ്പിച്ചു. സമയപരിധി നിശ്ചയിച്ചതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. സമയം ദീർഘിപ്പിക്കുകയോ സമയപരിധി എടുത്തുകളയുകയോ വേണമെന്ന് പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാരായ ഇ ടി ടൈസൺ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, സി സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

date