Skip to main content
ജീവിതത്തില്‍ എ പ്ലസ്സ് നേടുക പ്രധാനം: സ്പീക്കര്‍

ഒല്ലൂര്‍ മണ്ഡലം പ്രതിഭാ സംഗമം; 700ലേറെ എ പ്ലസ്സുകാരെ ആദരിച്ചു

ജീവിതത്തില്‍ എ പ്ലസ്സ് നേടുക പ്രധാനം: സ്പീക്കര്‍

ഒല്ലൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ 700ലേറെ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം നിയമസഭാ സ്പീക്കര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷകളില്‍ എപ്ലസ് വാങ്ങുന്നതോടൊപ്പം ജീവിതത്തില്‍ കൂടി എ പ്ലസ് നേടുന്നതാണ് യഥാര്‍ഥ വിജയമെന്നും അതിനായി സാമൂഹിക പ്രതിബന്ധത ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.

സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍ തന്നെ തുടര്‍ പഠനം എന്തുവേണമെന്നു തീരുമാനിക്കണം. രക്ഷിതാക്കളുടെ ദുരഭിമാനത്തിന്റെ ബലിയാടുകളായി കുട്ടികള്‍ മാറുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞു വേണം തുടര്‍ പഠനത്തിനുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍. ഈ നിര്‍ണായക ഘട്ടത്തില്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളെ ഡോക്ടറും എഞ്ചിനീയറും ശാസ്ത്രജ്ഞനുമാക്കാന്‍ മത്സരിക്കുന്നതിനു പകരം അവരെ നല്ല മനുഷ്യരാക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പോളത്തിന്റെ ലാഭനഷ്ടക്കണക്കുകള്‍ മാത്രം നോക്കി കുട്ടികളുടെ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന രീതി ശരിയല്ല. അതിനപ്പുറം, സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരായി കുട്ടികളെ മാറ്റാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പണമല്ല, ജീവിത വിജയത്തിന്റെ മാനദണ്ഡമെന്ന് ചടങ്ങില്‍ സംസാരിച്ച ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. മനസ്സിന്റെ സന്തോഷമാണ് ഏറ്റവും പ്രധാനം. ജീവിതത്തിന്റെ തുടക്കം മാത്രമാണ് എസ്എസ്എല്‍സി, പ്ലസ്ടു കാലഘട്ടം. ഈ കാലഘട്ടത്തില്‍ തന്നെ നല്ല ശീലങ്ങള്‍ സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയണം. ജീവിതം നാം കരുതുന്ന പോലെ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഒന്നല്ല. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും സുഖദുഖങ്ങളും നിറഞ്ഞതാണ് ജീവിതം. പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള ആത്മവിശ്വാസവും തന്റെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കാനുള്ള കഠിനാധ്വാനവുമാണ് വിജയത്തിന്റെ അടിസ്ഥാനം. മറ്റുള്ളവരുടെ ജീവിതത്തില്‍ കൂടി നന്മനിറയ്ക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഒരു വ്യക്തി ആത്യന്തികമായി വിജയിച്ചുവെന്ന് പറയാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ഇസാഫ് സിഇഒ കെ പോള്‍ തോമസ്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രന്‍, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി സജു, പി എസ് വിനയന്‍, പാര്‍ട്ടി പ്രതിനിധികളായ എം എസ് പ്രദീപ് കുമാര്‍, പി ഡി റെജി, ജോസ് മുതുകാട്ടില്‍, കെ കെ ജോണി തുടങ്ങിയവര്‍ സംബന്ധിച്ചു.

date