Skip to main content

റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം

*ജില്ലാ വികസന സമിതി യോഗം ചേർന്നു

റിംഗ് റോഡ് ഉൾപ്പെടെ ജില്ലയിലെ വിവിധ റോഡുകളുടെ നിർമാണ-നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാണമെന്ന്  ജില്ലാ വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം. വിവിധ വികസന പദ്ധതികൾ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. കേരള വാട്ടർ അതോറിറ്റിയുടെ കൈലാസ തീർത്ഥം പ്രോജക്ട് ആരംഭിക്കുന്നതിലെ തടസങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വെഞ്ഞാറമൂട് റിംഗ് റോഡിന്റെയും വാമനപുരം -ചിറ്റാർ റോഡിന്റെയും പ്രവർത്തന പുരോഗതി വിലയിരുത്തിയ ഡി.കെ മുരളി എം.എൽ.എ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. പൊന്മുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.

നെയ്യാർ ഡാം പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി സി. കെ ഹരീന്ദ്രൻ എം.എൽ.എ വിലയിരുത്തി. നവീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജലസേചന വകുപ്പിന് നിർദേശം നൽകി. പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കല്ലാർ വിനോദസഞ്ചാരമേഖലയിൽ സംരക്ഷണഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജി സ്റ്റീഫൻ എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വെള്ളനാട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് സബ് ട്രഷറി ഓഫീസ് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു.  തൊളിക്കോട് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കാനും യോഗത്തിൽ ധാരണയായി.

പൊഴിയൂർ ഹാർബർ നിർമാണത്തിന്റെ പുരോഗതി കെ.ആൻസലൻ എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും, ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചു. ആശുപത്രിയിൽ 24 മണിക്കൂറും പോലീസ് എയ്ഡ് പോസ്റ്റ് സേവനം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം അനിൽ ജോസ്.ജെ, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ് ബിജു, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date