Skip to main content

മൃതശരീരദാന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മരണാനന്തരം മൃതശരീരം മെഡിക്കൽ കോളജിലേക്ക് ദാനം ചെയ്യുന്നതിനായി പുതുക്കിയ മാർഗനിർദേശങ്ങൾ ജില്ലാ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പുറത്തിറക്കി. താത്പര്യമുളളവർ മാർഗ നിർദ്ദേശപ്രകാരം സമ്മതപത്രം തയ്യാറാക്കി ഫോൺ നമ്പർ സഹിതം രേഖകൾ തയ്യാറാക്കി പോസ്റ്റലായി അനാട്ടമി വിഭാഗത്തിലേക്ക് അയക്കണം. ബോഡി ഡോണർ ഐഡി കാർഡ് ധാതാവിന്റെ അഡ്രസ്സിലേക്ക് അയച്ച് കൊടുക്കും.

നിർദ്ദിഷ്ട മാതൃകയിൽ നൂറു രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം തയ്യാറാക്കി ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസർക്ക് നൽകണം. ദാതാവിന്റെ നിയമപരമായ എല്ലാ അവകാശികളുടെയും സമ്മതം നിർബന്ധമാണ്. ബന്ധുക്കൾ ഇല്ലാത്തപക്ഷം അക്കാര്യം വ്യക്തമാക്കണം. സമ്മതപത്രത്തിൽ എല്ലാ അവകാശികളും രണ്ട് സാക്ഷികളും ഒപ്പിട്ടിരിക്കണം. സമ്മതപത്രത്തിനൊപ്പം ദാതാവിന്റെ ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയും കൂടാതെ എല്ലാ അനന്തരാവകാശികളുടെയും സാക്ഷികളുടെയും ആധാർ കാർഡിന്റെ കോപ്പികളും സമർപ്പിക്കണം.

രേഖകൾ സമ്പൂർണ്ണമായി സമർപ്പിച്ച് കഴിഞ്ഞാൽ "ബോഡി ഡോണർ ഐഡി കാർഡ് " നൽകും. ഈ കാർഡ് എപ്പോഴും കൈവശം ഉണ്ടായിരിക്കണം.

മരണശേഷം ആറുമണിക്കൂറിനുള്ളിൽ മൃതശരീരം മെഡിക്കൽ കോളേജിൽ എത്തിക്കണം. ആറുമണിക്കൂറിൽ കൂടുതൽ സമയം എടുക്കുമെങ്കിൽ ശരീരം ഫ്രീസറിൽ സൂക്ഷിച്ചിട്ടായിരിക്കണം അനാട്ടമി ഡിപ്പാർട്ട്മെന്റിലേക്ക് എത്തിക്കേണ്ടത്. ഇക്കാര്യം ബന്ധുക്കളെ ബോധ്യപ്പെടുത്തണം.

പോസ്റ്റ്മോർട്ടത്തിന് വിധേയമായ മൃതദേഹങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തതാണെങ്കിൽ കൂടി അവ സ്വീകരിക്കില്ല. എല്ലാ നിർദേശങ്ങളും ദാതാവിന്റെ ബന്ധുകൾ അറിഞ്ഞിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 9446435566, 0487 2201355.

date