Skip to main content

ചോറ്റിലപ്പാറ പാലത്തിന് പുനർജന്മം : 2.90 കോടി രൂപയുടെ ഭരണാനുമതി

അര നൂറ്റാണ്ടോളം പഴക്കമുള്ള ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ തുവാനൂർ ചോറ്റിലപ്പാറ പാലത്തിന് പുനർജന്മം .റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പുനർനിർമ്മിക്കുന്നതിന് 2.90 കോടി രൂപയുടെ (രണ്ട് കോടി തൊണ്ണൂറ് ലക്ഷം രൂപ) ഭരണാനുമതി ലഭിച്ചു.

ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ച ഈ പദ്ധതി ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം റദ്ദ് ചെയ്തിരുന്നു. എന്നാൽ പ്രദേശത്തെ ജനങ്ങളുടെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവരുടെ ആശങ്കകളും മുരളി പെരുനെല്ലി എംഎൽഎ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ഈ പദ്ധതിക്ക് അംഗീകാരം വീണ്ടും ലഭിച്ചത്.

കണ്ടാണശ്ശേരി ,ചൂണ്ടൽ ഗ്രാമപഞ്ചായത്തുകളെ ബന്ധപ്പിക്കുന്ന പ്രധാനപ്പെട്ട പാലമാണ് ചൂണ്ടൽ പഞ്ചായത്ത് വാർഡ് പതിനഞ്ചിലെ ചോറ്റിലപ്പാറ പാലം. പ്രദേശത്തെ ജനങ്ങൾക്ക് തൃശൂർ റോഡിലേക്ക് പ്രവേശിക്കാനും ഉപകാരപ്രദമായിരുന്ന പാലം കാലപ്പഴക്കം കൊണ്ടും പ്രളയം കൊണ്ടും ഉപയോഗ ശ്യൂന്യമായി. യാത്രാ സൗകര്യത്തിന് ജനങ്ങൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പാലം പുനർ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചത്.

ചോറ്റിലപ്പാറ പാലത്തിന്റെ പുനർ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിനും ഇതോടെ പരിഹാരമാകും. പാലം പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് മുരളി പെരുനെല്ലി എംഎൽഎ , ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ,വാർഡ് മെമ്പർ ഹസലുൽ ബെന്ന , ആസൂത്രണ സമിതി അംഗം എം ബി പ്രവീൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

date