Skip to main content

വെള്ളപ്പൊക്ക മുന്നൊരുക്കം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കാൻ ഉത്തരവായി

മഴക്കാല മുന്നൊരുക്കങ്ങൾക്കുള്ള 2023 ഓറഞ്ച് ബുക്കിലെ നിർദ്ദേശപ്രകാരം ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച്  തയ്യാറെടുപ്പ് പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കാൻ ഉത്തരവായി. ഗ്രാമപഞ്ചായത്തുകളിൽ ഒരു ലക്ഷം രൂപ വീതവും നഗരസഭകളിൽ രണ്ട് ലക്ഷം രൂപ വീതവും കോർപ്പറേഷന് അഞ്ച് ലക്ഷം രൂപയും അനുവദിക്കും.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ തുക മഴക്കാല പൂർവ്വ ശുചീകരണങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. അതാത് തദ്ദേശസ്ഥാപന മേഖലയിൽ ക്യാമ്പുകൾ നടത്താൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളിൽ വൈദ്യുതി, ശുചിമുറി, ലൈറ്റ്,ഫാൻ, അടുക്കള, എന്നിവ മെച്ചപ്പെടുത്താൻ മാത്രമേ ഈ തുക ഉപയോഗിക്കാൻ പാടുള്ളൂ. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു സാമ്പത്തിക വർഷം ഒരുതവണ മാത്രമേ തുകക്ക് അർഹതയുള്ളൂ.

 ചെലവുകൾ ബന്ധപ്പെട്ട വൗച്ചറുകൾ,  ബില്ലുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ അതാത് തദ്ദേശസ്ഥാപനങ്ങളിൽ സൂക്ഷിക്കണം.
തുക വിനിയോഗിച്ച ശേഷം തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർക്ക് ലഭ്യമാക്കേണ്ടതും  ജോയിന്റ് ഡയറക്ടർ പരിശോധനയ്ക്ക് ശേഷം കളക്ടറേറ്റിൽ നൽകേണ്ടതുമാണ്. തുക ഈ സാമ്പത്തിക വർഷം തന്നെ വിനിയോഗിക്കേണ്ടതും വക മാറ്റി ചെലവഴിക്കാൻ പാടില്ലാത്തതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date