Skip to main content
രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുള്ള കേരളത്തെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ രംഗത്തെപ്പറ്റി തെറ്റായ പ്രചാരണങ്ങൾ ഖേദകരം: മന്ത്രി ആർ ബിന്ദു

രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുള്ള കേരളത്തെ പിന്തുണയ്ക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിൽ സംസ്ഥാനത്തെ ഇകഴ്ത്തി കാണിക്കുന്നത് കേരളത്തിൻ്റെ ആത്മാഭിമാനത്തിൻ്റെ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ള വിശ്വസ്ത ഏജൻസികളാണ് സർവകലാശാലകളും കലാലയങ്ങളും പരിശോധിച്ച് റാങ്ക് നൽകുന്നത്. ഇത് സംബന്ധിച്ച് വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല.

രാജ്യത്തെ മികച്ച കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണ്. ടൈംസ് മാസികയുടെ റാങ്കിങ്ങിൽ മികച്ച ആദ്യ നൂറു സർവകലാശാലയിൽ മഹാത്മാഗാന്ധി സർവ്വകലാശാല ഉൾപ്പെട്ടിട്ടുണ്ട്. കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്ത് 24-ാമത് സ്ഥാനത്താണ്.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ പരിഷ്കാരം സർക്കാർ നടപ്പാക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളുള്ള ലബോറട്ടറികൾ അക്കാദമി കോംപ്ലക്സ്, ലൈബ്രറി, എന്നിവ കിഫ്ബി, സർക്കാർ പ്ലാൻ ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല, കുസാറ്റ് എന്നിവ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് നേടി. കേരളത്തിലെ നാല് സർവകലാശാലകൾക്ക് എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം നേടി. ആദ്യ ഇരുന്നൂറിൽ 42 കലാലയങ്ങൾ ഉൾപ്പെട്ടതായും മന്ത്രി പറഞ്ഞു. 16 കലാലയങ്ങൾക്ക് എ ഡബിൾ പ്ലസും 31 കലാലയങ്ങൾക്ക് എ പ്ലസും നേടാൻ കഴിഞ്ഞത് ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ അന്തർദേശീയ തലത്തിലേക്ക് ഉയർന്നതിനുള്ള തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

date