Skip to main content
ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ക്രെഷുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനും തീരുമാനിച്ചു.

ക്രെഷുകൾ ആധുനികവത്കരിക്കണം

ജില്ല ശിശുക്ഷേമ സമിതി വാർഷിക സമ്മേളനം നടന്നു

ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ക്രെഷുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനും തീരുമാനിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന 2022- 23 വർഷത്തെ ജില്ലാ ശിശുക്ഷേമ സമിതി വാർഷിക സമ്മേളനത്തിലാണ് തീരുമാനം.

സമ്മേളനത്തിൽ എഡിഎം ടി മുരളി അധ്യക്ഷനായി. ജില്ല സെക്രട്ടറി വി കെ വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമിതിയുടെ പ്രവർത്തനങ്ങൾ സമ്മേളനം വിലയിരുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശിശുക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ട പ്ലാൻ ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്നും അങ്കണവാടികൾക്കൊപ്പം ക്രെഷുകളും പ്രവർത്തിപ്പിക്കണമെന്നും അന്താരാഷ്ട്ര നിലവാരത്തിൽ ക്രെഷുകൾ മെച്ചപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി സംസ്ഥാനതല റിപ്പോർട്ടിംഗ് നടത്തി. വലിയ ഉത്തരവാദിത്തമാണ് ശിശുക്ഷേമ സമിതി നിർവഹിക്കുന്നതെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശിശു പരിപാലന കേന്ദ്രങ്ങൾ അത്യാധുനിക രീതിയിൽ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ശിശു പരിപാലന കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഓട്ടിസം സെന്ററുകളുടെ പ്രവർത്തനത്തിനായി രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ അത്യാധുനിക രീതിയിലുള്ള അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന പ്രവൃത്തികൾ നടന്നുവരികയാണ്.

ട്രഷറർ വി കെ ഉണ്ണികൃഷ്ണൻ വരവ് -ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. സമ്മേളനത്തിൽ അവതരിപ്പിച്ച ഏഴ് പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ക്രെഷുകൾ ഉൾപ്പെടെയുള്ള ശിശു ക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിന് സിഎസ്ആർ ഫണ്ടുകൾ, സ്റ്റാമ്പ്‌ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതും ചർച്ച ചെയ്തു.

സമ്മേളനത്തിൽ ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ പശുപതി, വൈസ് പ്രസിഡണ്ട് ഡോ. പി ഭാനുമതി, സെക്രട്ടറി സി സാജൻ ഇഗ്നേഷ്യസ്, നൈസി റഹ്മാൻ, പി മീര, പി കെ ജയന്തി, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date