Skip to main content
പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുൻവശത്ത് ദേശീയപാതയിൽ തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉന്നതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനം

പുതുക്കാട് ഭാഗത്തെ ദേശീയപാത അപകടങ്ങൾ; ഉന്നതതല യോഗം ഉടൻ ചേരും

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുൻവശത്ത് ദേശീയപാതയിൽ തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉന്നതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. പുതുക്കാട് മണ്ഡലത്തിലെ നാഷണൽ ഹൈവയുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്നങ്ങൾ സംബന്ധിച്ച ടി എൻ പ്രതാപൻ എംപി അധ്യക്ഷനായ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം ആയത്. ബസ് വേകളും കാത്തിരിപ്പ് കേന്ദ്രവും നിർമ്മിക്കുന്നതിനും, കെഎസ്ആർടിസി ബസ്സുകൾ പൂർണമായും ഇരുവശത്തുമുള്ള സർവീസ് റോഡുകളിൽ കൂടി മാത്രം സഞ്ചരിക്കുന്നതിനും ആവശ്യമായി നിർദ്ദേശങ്ങളും യോഗത്തിൽ നൽകി. പുതുക്കാട് സെന്ററിലെ സിഗ്നൽ സമയം ദീർഘിപ്പിക്കണമെന്നും ദിശാ ബോർഡുകൾ യഥാസ്ഥലങ്ങളിൽ സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഗൗരവകരമായ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾക്കായി എം.പി, എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റുമാർ മറ്റു ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജനപ്രതിനിധികളുടെയും ജില്ലാ കളക്ടർ, പോലീസ്, എൻഎച്ച്എഐ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജൂലൈ മാസത്തിൽ തന്നെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

എം.എൽ.എ കൺവീനറായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ എന്നിവർ അംഗങ്ങളും ആയിട്ടുള്ള കമ്മിറ്റി രൂപീകരിക്കുകയും, ഈ വിഷയത്തിൽ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുന്നതിനും തീരുമാനമായി.

നാഷണൽ ഹൈവേയിലെ തെരുവുവിളക്കുകൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കാനും വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കുന്നതിനും ഓവുചാലുകൾ വൃത്തിയാക്കി വെള്ളം ഒഴുകിവിടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

പാലിയേക്കരയിലെ ടോൾ പ്ലാസ അടച്ചു പൂട്ടണമെന്നും കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും ഇതിനായി നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.

ദേശീയപാത 544 ൽ , 60 കിലോമീറ്ററിനുള്ളിൽ രണ്ടാമത്തെ ടോൾ ബൂത്ത് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ടോൾ ബൂത്ത് അടച്ചു പൂട്ടുന്ന കാര്യം എംഎൽഎ ആവശ്യപ്പെട്ടത്.

യോഗത്തിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ.കെ അനൂപ്, ടി.എസ് ബൈജു, കെ.എം ബാബുരാജ്, പ്രിൻസൺ തയ്യാലക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിൻസ്,ജോസഫ് ടാജറ്റ്‌, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ,ചാലക്കുടി ഡി.വൈ.എസ്.പി സിനോജ് പി.എസ്,പുതുക്കാട് എസ്.എച്.ഒ യു.എച്ച് സുനിൽദാസ്,ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ വിപിൻ മധു, ഡെപ്യൂട്ടി മാനേജർ അഭിഷേക് കാല, എൻജിനീയർമാരായ അർജുൻ,സുധീഷ്,ജി.ഐ.പി.എൽ ഡിജിഎം ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

date