Skip to main content

അവസരങ്ങളെ  ലക്ഷ്യബോധത്തോടെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം; മന്ത്രി അഹമ്മദ് ദേവർകോവിൽ 

 

അവസരങ്ങളുടെ വിശാലമായ ലോകമാണ് നമുക്ക് മുന്നിലുള്ളതെന്നും ജീവിത യാത്രയിൽ വിജയിക്കാൻ ഈ അവസരങ്ങളെ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സമ്പൂർണ വിജയം നേടിയ സ്‌കൂളുകളെയും ആദരിക്കുന്ന  എം.എൽ.എ എക്‌സലൻസ് അവാർഡ് മീറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളം സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. വിജയികളെ അനുമോദിക്കുന്നതോടൊപ്പം അവരെ കൃത്യമായ ലക്ഷ്യങ്ങളിലേക്കെത്തിക്കുക എന്നതും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

ആധുനിക ജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്‌സുകളും തൊഴിലുകളും അനവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. അഭിരുചി, തൊഴില്‍ സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. 

മണ്ഡലത്തിലെ മുന്നൂറോളം വിദ്യാർത്ഥികളെയാണ് പ്രതിഭാ സംഗമത്തിൽ ആദരിച്ചത്. 

കണ്ടംകുളം മുഹമ്മദ്‌ അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രേഖ സി, ടാക്സ് ആൻഡ് അപ്പീൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. കെ. നാസർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ഡോ. അദീല അബ്ദുള്ള, കേരള മാരിടൈം ബോർഡ് മെമ്പർ കാസിം ഇരിക്കൂർ, യു.പി.എസ്.സി റാങ്ക് ഹോൾഡർ ഷെറിൻ ഷഹാന, ആർ.വി.എസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. എസ്. ഷാമിന, എച്ച്.ഒ.ഡി ഗംഗ ദുർഗ ദേവി എന്നിവർ സംസാരിച്ചു.

date