Skip to main content

രുചി പെരുമയില്‍ വനമഹോത്സവം

 

വനമഹോത്സവം രുചിയിലും ഉത്സവമായി. വെണ്ണ പോലെ മയവും നല്ല രുചിയുമുള്ള പോഷകമൂല്യമേറിയ ബട്ടര്‍ ബീന്‍സ്  , നറുനീണ്ടി വേര്, ഏലക്ക, ശര്‍ക്കര എന്നിവയുടെ രുചി പെരുമയില്‍ എത് നിക് ടീ, ജംഗിള്‍ കിങ് താലി, വരഗ് കിച്ചടി,  ചങ്ങല പെരേണ്ട ചമ്മന്തി,  റാഗിയുടെ നിഗൂഢമായ രുചികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങളുടെ രുചിഭേദങ്ങള്‍, ചക്ക വിഭവങ്ങള്‍, കപ്പ വിഭവങ്ങള്‍, വിവിധ തരം പായസങ്ങള്‍ എന്നിവ അണിനിരന്നപ്പോള്‍   ഭക്ഷ്യമേളയില്‍ അനുഭവപ്പെട്ടത് നിയന്ത്രണാതീതമായ തിരക്ക്.10 ഓളം സ്റ്റാളുകളിലായി 70 ല്‍ പരം രുചിവിഭവങ്ങളുടെ വൈവിധ്യമാണ് ഒരുങ്ങിയത്. വനാശ്രിത സമൂഹങ്ങളുടെ പരമ്പരാഗതമായ അറിവുകളിലൂടെ  ഒരുങ്ങിയ ആരോഗ്യവും ലളിതവും രുചികരവുമായ നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേള നാവിന് പല രുചി പകര്‍ന്ന് നവ്യനുഭവമായി. വനമഹോത്സവത്തിന്റെ ഭാഗമായി തേക്കടി ആനവച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഭക്ഷ്യമേള അരങ്ങേറിയത്.

വിവിധ ഇ ഡി സികളുടെ പങ്കാളിത്തത്തോടെ അതിവിപുലമായാണ് ഭക്ഷ്യമേള ഒരുക്കിയത്. ചിന്നാര്‍ എത് നിക് ഫുഡ് സ്റ്റാള്‍, വഞ്ചിവയല്‍ ഇ ഡി സി, വനലക്ഷ്മി എസ് എച്ച് ജി,  മന്നാക്കുടി പളിയകുടി  ഇ ഡി സി, വനിതാ ഇ ഡി സി, വസന്തസേനാ, പൊന്മുടി ഇക്കോ ടൂറിസം തുടങ്ങി രുചി വൈവിധ്യം വിളമ്പാന്‍ നിരവധി സ്റ്റാളുകളാണ് മേളയില്‍ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് വിമുക്തമായ അന്തരീക്ഷത്തില്‍ പ്രകൃതി സൗഹൃദമായി ഒരുക്കിയ മേള ജനശ്രദ്ധ നേടി. വൈവിധ്യമാര്‍ന്ന തനത് രുചിക്കൂട്ടുകളൊരുക്കി നാവിനും മനസിനും ആനന്ദം പകര്‍ന്ന് രുചിപെരുമ വനമഹോത്സവത്തിന്റെ ശ്രദ്ധകേന്ദ്രമായി.

പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വര്‍ഷത്തെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തി  ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനവും വനമഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

 

date