Skip to main content

വൃത്തിയുള്ള വെച്ചൂർ'; വേമ്പനാട് കായൽ ശുചീകരണം ശരവേഗത്തിൽ

കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ച 'വൃത്തിയുള്ള വെച്ചൂർ' ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകളുടെയും വേമ്പനാട് കായൽതീരത്തിന്റെയും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'തെളിനീരൊഴുകും നവകേരളം' കർമ്മ പദ്ധതിയോടനുബന്ധിച്ച്  ഗ്രാമപഞ്ചായത്തിന്റെ 2022-23, 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ പ്രധാന 13 തോടുകളും അഞ്ച് കൈത്തോടുകളും പഞ്ചായത്ത് പരിധിയിൽ വരുന്ന വേമ്പനാട് കായലിന്റെ തീരദേശ മേഖലകളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ച് നവീകരിക്കുന്നത്.  വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വേമ്പനാട് കായലിന്റെ മൂന്നര കിലോമീറ്ററോളം കായൽ തീരം പദ്ധതിയിലൂടെ നവീകരിച്ചു.  
 ആദ്യഘട്ടത്തിൽ പ്രധാനപ്പെട്ട അഞ്ചു തോടുകളും നാല് ഇടത്തോടുകളും ആണ് നവീകരിക്കുന്നത്. പ്രധാന തോടുകൾ ഹിറ്റാച്ചി ഉപയോഗിച്ച് ആഴം കൂട്ടിയും ഇടത്തോടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് നവീകരിക്കുന്നത്. അഞ്ചുമന-വിക്രമൻ തോട്, മത്തുങ്കൽ തോട്, കൊച്ചുതോട്, കൽച്ചിറ-അഞ്ചുമനത്തോട്, പുത്തൻതോട്, ഞാണുപറമ്പ് തോട്, ഈരമ്മത്തറത്തോട്, മൂന്നുവേലിത്തോട്, കൈപ്പുഴ - ഭൈരവൻകാട് തോട് തുടങ്ങിയവയുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലുമാണ്.
 കായലും പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 65 കിലോമീറ്റർ ദൂരത്തിലാണ് ഈ 13 പ്രധാന തോടുകളും, അഞ്ച് ഇടത്തോടുകളും. ചെളിയും പോളയും മാലിന്യങ്ങളും നിറഞ്ഞിരുന്ന ഇവ ഒറ്റ മഴയ്ക്ക് തന്നെ പ്രളയ സമാന സാഹചര്യമൊരുക്കിയിരുന്നു. ഇതിനൊപ്പം വേമ്പനാട് കായലിൽ നിന്നുള്ള ശക്തമായ വേലിയേറ്റവും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനുമിടയാക്കിയിരുന്നു.
 ഗ്രാമപഞ്ചായത്തിലെ 4600 കുടുംബങ്ങളിൽ ഭൂരിഭാഗവും വേമ്പനാട് കായലിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. തോടുകളിലെ ആഴക്കുറവും, തോടുകളിലെയും  കായലിലെയും മാലിന്യങ്ങളും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ ഉപജീവനത്തിനും തടസമായതോടെയാണ് പ്രത്യേക പദ്ധതിയിലൂടെ നവീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മുൻകൈയെടുത്തത്. 25.66 ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഇതിനോടകം തയാറാക്കിയിട്ടുള്ളത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ജലാശയങ്ങളിൽ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാനാവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് നേതൃത്വം നൽകുന്നുണ്ട്. ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കായി വെച്ചൂരിൽ ആരംഭിച്ച ശാസ്ത്രസേനയുടെ സഹായവും പഞ്ചായത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ആവശ്യമായ നടപടികളും പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്.

 

date