Skip to main content

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം: ഡിഎംഒ

ഏലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചികിത്സ തേടാന്‍ വൈകുന്നത് രോഗം സങ്കീര്‍ണമാവുന്നതിനും മരണത്തിനും കാരണമാകും.എലി, നായ, കന്നുകാലികള്‍ തുടങ്ങിയ ജീവികളുടെ മൂത്രം, ജലമോ, മണ്ണോ, മറ്റ് വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ, മലിനമായ ജലാശയങ്ങളിലോ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
കൈകാലുകളിലുണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. കണ്ണിലുള്ള പോറലുകളില്‍ കൂടിപ്പോലും മുഖം കഴുകുമ്പോള്‍ രോഗബാധ ഉണ്ടാകാം. പനി, പേശിവേദന (കാല്‍ വണ്ണയിലെപേശികള്‍), തലവേദന, ഛര്‍ദ്ദി, കണ്ണ്ചുവപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക. കാലിലോ, ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക. ഒഴിവാക്കാന്‍ പറ്റാത്തസാഹചര്യങ്ങളില്‍ ഗം ബൂട്ടുകള്‍, കൈയുറകള്‍ എന്നിവ ഉപയോഗിക്കുക.
ഭക്ഷണ സാധനങ്ങളും വെള്ളവും എലി മൂത്രവും വിസര്‍ജ്യവും കലരാത്ത രീതിയില്‍ മൂടിവയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.
പനിയോ മറ്റു രോഗ ലക്ഷണങ്ങളോ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തി ചികിത്സതേടണമെന്നും ഡോക്ടറോട് തൊഴില്‍ പശ്ചാത്തലം പറയുന്നത് പെട്ടെന്നുള്ള രോഗനിര്‍ണയത്തിന് കൂടുതല്‍ സഹായകരമാവുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date