Skip to main content

ചരിത്ര സ്‌മരണയിൽ ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷത്തിന് തുടക്കമായി

 

ഭരണഘടനാനിർമാണ സഭയിലെ ഏക ദളിത്  വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായ ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷത്തിനു തുടക്കം. ആഘോഷത്തിന് മുന്നോടിയായി ഏകദിന ചലച്ചിത്രമേള എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്‌തു. 

ജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രതിഫലിപ്പിക്കുകയും കാലത്തെ വീണ്ടെടുക്കുകയും ചെയ്യുന്ന കലാരംഗമാണ് ചലച്ചിത്രമെന്ന്  ഷാജി എൻ കരുൺ പറഞ്ഞു. ചരിത്ര വനിതയായ ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷ വേളയിൽ അതുകൊണ്ടുതന്നെ ചലച്ചിത്രമേള ഏറെ പ്രസക്തമാണ്. മൂല്യങ്ങളുടെ ഏകോപനമാണ് ചലച്ചിത്രം. ചരിത്രവും സംസ്‌കാരവും രാഷ്ട്രീയയവുമെല്ലാം ഉൾച്ചേർന്ന സിനിമ സമകാലീനാവസ്ഥയുടെ വിലയിരുത്തലിൽ അത്യന്തം പ്രസക്തമാണെന്നും ഷാജി എൻ കരുൺ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത പലവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ദാക്ഷായണി വേലായുധന്റെ ദീപ്‌ത സ്‌മരണയും ഉദ്ബോധനങ്ങളും ചെറുത്തുനിൽപ്പിനും നേരായ ദിശ കണ്ടെത്തുന്നതിനും പ്രചോദനവും മാർഗദർശനവും നൽകുന്നതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഈ കാലിക പ്രസക്തി തിരിച്ചറിയുന്നതു കൊണ്ടാണ് ജന്മദിനാഘോഷത്തിന് മുൻകയ്യെടുത്തത്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾ വിവേചനം നേരിടുന്നില്ലെന്നും ഭരണ ഘടനയുടെ പവിത്രത നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ സിനിമ ഉൾപ്പെടെ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദാക്ഷായണി വേലായുധൻ എന്ന അദ്‌ഭുത വനിതയെക്കുറിച്ച് ചരിത്ര ആഖ്യാനപരമായ ദൃശ്യഭാഷ്യമുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച നാടക - സിനിമ പ്രവർത്തകൻ ഡോ:ചന്ദ്രദാസൻ പറഞ്ഞു. ചരിത്രവും സംസ്‌കാരവും ഉൾച്ചേർന്ന പ്രവർത്തനം രാഷ്ട്രീയത്തിനു മൂല്യവും തേജസും നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവിധായികമാരായ കെ.ജെ ജീവ, വിദ്യാമുകുന്ദൻ, എഫ്.എഫ്.എസ്.ഐ അംഗം ജ്യോതി നാരായണൻ, മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് അക്ബർ, ഷാജി ജോർജ് പ്രണത, ജന്മദിനാഘോഷ സ്വാഗത സംഘം ചെയർമാൻ എ.പി പ്രനിൽ, ജിഡ കൗൺസിൽ അംഗം കെ.കെ ജയരാജ്, ഫിലിം ഫെസ്റ്റിവൽ കോ ഓഡിനേറ്റർ പി.കെ സുനിൽനാഥ്, കമ്മിറ്റി അംഗം കബനി വിനോദ്  എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭാരത് ഭവൻ തയ്യാറാക്കിയ 'ദാക്ഷായണി വേലായുധൻ' ഹ്രസ്വ ചിത്രവും പ്രശസ്‌ത  സിനിമകളും പ്രദർശിപ്പിച്ചു. ഓരോ സിനിമയെക്കുറിച്ചും പ്രമുഖർ പങ്കെടുത്ത ചർച്ചകളും നടന്നു. 

ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷം  മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ദാക്ഷായണി വേലായുധന്റെ ജന്മദിനമായ ചൊവാഴ്ച്ച  (ജൂലൈ 4 ) പുഷ്‌പാർച്ചന, ഭരണഘടന ക്വിസ് മത്സരം, ആദരസമർപ്പണം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ നടക്കും. എറണാകുളം മഹാരാജാസ് കോളേജിലെ സ്വാതന്ത്ര്യ ചുമരിൽ ദാക്ഷായണി വേലായുധന്റെ ഛായാചിത്രത്തിനു മുന്നിൽ രാവിലെ ഒൻപതിനാണ് പുഷ്‌പാർച്ചന. മഹാരാജാസ് കോളേജ് യൂണിയന്റെയും മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്‌ടർ എൻ.എസ്. കെ ഉമേഷ് മുഖ്യാതിഥിയാകും. 

സംസ്ഥാന പാർലമെന്ററി അഫയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭരണഘടന ക്വിസ് രാവിലെ പത്തുമുതൽ ബോൾഗാട്ടി പാലസിലാണ് നടക്കുന്നത്. പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും. വൈപ്പിൻ, പറവൂർ, എറണാകുളം മണ്ഡലങ്ങളിലെ പത്താം ക്ലാസ്, പ്ലസ്‌ടു വിദ്യാർഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് ബോൾഗാട്ടി പാലസിൽ പട്ടിക ജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ.സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ജസ്റ്റിസ് കെ.കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തും. ദാക്ഷായണി വേലായുധന്റെ മകൾ സാമൂഹ്യശാസ്ത്രജ്ഞ ഡോ: മീര വേലായുധൻ, എഴുത്തുകാരൻ ചെറായി രാംദാസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.

date