Skip to main content

ജില്ലയില്‍ തീരദേശ സുരക്ഷ ശക്തമാക്കും

ജില്ലയില്‍ തീരദേശ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല തീരദേശ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനം. തീരദേശ സുരക്ഷാ പരിശീലന പരിപാടിയായ സാഗര്‍ കവച് മോക് ഡ്രില്‍ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീരദേശങ്ങളില്‍ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയോജിതമായി പട്രോളിങ് ശക്തമാക്കും. മത്സ്യതൊഴിലാളികള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ പൂര്‍ത്തിയാക്കും. കാര്‍ഡുകള്‍ ഇല്ലാത്തവരെ കടലില്‍ പോകാന്‍ അനുവദിക്കില്ല. ഇതിനായി പരിശോധന ശക്തമാക്കും. യന്ത്രവത്കൃത യാനങ്ങള്‍ക്കുള്ള ഏകീകൃത കളര്‍ കോഡിങ് പൂര്‍ത്തീകരിച്ചു. പരമ്പരാഗത വള്ളങ്ങള്‍ക്കുള്ള ഏകീകൃത കളര്‍ കോഡിങ് ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ നടത്തും. കൊല്ലം പോര്‍ട്ടില്‍ സെന്‍ട്രല്‍ കസ്റ്റംസ് വകുപ്പിനുള്ള സ്ഥലസൗകര്യം ഒരുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹാര്‍ബറുകളിലെ പ്രധാന സ്ഥലങ്ങളില്‍ സി സി ടി വികള്‍ സ്ഥാപിക്കും. ഇവ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. തീരദേശത്തെ പ്ലാസ്റ്റിക്, ലഹരി വിമുക്ത നടപടികള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ആര്‍ ബീനാറാണി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date