Skip to main content

ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം:  കേബിളുകള്‍ വിന്യസിക്കുന്നത് ഉയര പരിധി പാലിച്ചെന്ന് ഉറപ്പാക്കണം 

 

റോഡിന്റെ വശങ്ങളിലും പൊതുനിരത്തുകളിലും അലക്ഷ്യമായി വിന്യസിക്കുന്ന കേബിളുകളില്‍ കുരുങ്ങി യാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. സ്‌കൂട്ടറില്‍ മകനെയും മകനെയും കൊണ്ട് സഞ്ചരിക്കവെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് റോഡിലേക്ക് അലക്ഷ്യമായി കിടന്നിരുന്ന കേബിള്‍ ടിവി നെറ്റ് വര്‍ക്കിനൊപ്പമുള്ള സ്റ്റേ വയര്‍ കുടുങ്ങി വാഹനം മറിഞ്ഞ് അപകടമുണ്ടായെന്ന എടവനക്കാട് സ്വദേശിയുടെ പരാതിയിലാണ് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.  

കേബിളുകള്‍ അലക്ഷ്യമായും അശ്രദ്ധമായും റോഡിലും ഇലക്ട്രിക് പോസ്റ്റിനു താഴെയും കൂട്ടയിട്ടതാണ് അപകടത്തിനു കാരണമായതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. കേബിളുകള്‍ നിശ്ചിത 5.5 മീറ്റര്‍ ഉയര പരിധി പാലിച്ചായിരിക്കണം വലിക്കേണ്ടത്. കൂടാതെ എല്ലാ കേബിളുകളും ടാഗ് ചെയ്യണമെന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനിച്ചിരുന്നു. കേബിളുകള്‍ അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചിട്ടില്ലെന്ന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കെഎസ്ഇബി, ബിഎസ്എന്‍എല്‍, സ്വകാര്യ ഇന്റര്‍നെറ്റ്, കേബിള്‍ നെറ്റ് വര്‍ക്ക് കമ്പനികള്‍ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. 

ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയായ വരാപ്പുഴ പാലത്തിനും ചേരാനെല്ലൂര്‍ സിഗ്നല്‍ ജംക്ഷനും ഇടയില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ദേശീയ പാത അതോറിറ്റി ഇവിടം ബ്ലാക്ക് സ്‌പോട്ട് ആയി നിര്‍ണയിച്ചിട്ടുണ്ട്. റോഡില്‍ ഡിവൈഡര്‍, സീബ്രാ ലൈന്‍ എന്നിവ സ്ഥാപിക്കുന്നതിന് ദേശീയ പാതാ അതോറിറ്റിയും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. 

എറണാകുളം സെന്റ് തെരേസാസ് കോളേജിനു സമീപത്ത് ഹമ്പ് സ്ഥാപിക്കുന്നതിന് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ചരക്കു വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയുന്നതിന് ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കാക്കനാട് പടമുഗള്‍-സിവില്‍ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ റോഡില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് സമര്‍പ്പിക്കും. 

പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകളില്‍ നിന്ന് യാത്ര പോകുന്ന ഓട്ടോറിക്ഷയുടെ നിരക്ക് കൗണ്ടറില്‍ നിന്നു തന്നെ രേഖപ്പെടുത്തി നല്‍കണമെന്ന ആവശ്യം യോഗം പരിഗണിച്ചു. പ്രീ പെയ്ഡ് കൗണ്ടറുകളില്‍ നിന്നുള്ള ഓട്ടോറിക്ഷകള്‍ അമിത കൂലി ഈടാക്കുന്നുവെന്ന പരാതിയിലാണ് ആവശ്യം. ഇതു സംബന്ധിച്ച് പ്രത്യേക യോഗം ചേരാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. 

അങ്കമാലി നഗരസഭയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് നഗരസഭ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനു സമീപത്ത് മെട്രോ പില്ലര്‍ 1003 ന് സമീപം മരം റോഡിലേക്ക് കയറി നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ അടിയന്തരമായി മുറിക്കാന്‍ ദേശീയ പാത അതോറ്റിക്ക് നിര്‍ദേശം നല്‍കി. 

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നേരത്തേ 2022 നവംബറിലും ഇപ്പോള്‍ ചേര്‍ന്ന യോഗത്തിലും സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച് അടുത്ത മാസം ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര എന്നിവരും മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

date